
രാജ്യത്ത് വില്‍ക്കുന്ന 10 കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തുന്നു. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി സി.ആര്‍. ചൗധരിയാണ് ചൊവ്വാഴ്ച ലോക്‌സഭയെ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയടക്കമുള്ള ഒമ്പതുരാജ്യങ്ങളിലെ കുപ്പിവെള്ള സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയതും ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന കുപ്പിവെള്ളത്തില്‍ 93 ശതമാനത്തിലും സൂക്ഷ്മമായ പ്ലാസ്റ്റിക് തരികള്‍ അവര്‍ കണ്ടെത്തി.
നമ്മുടെ കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനത്തെ അറനൂറിലേറെ കുപ്പിവെള്ള യൂണിറ്റുകളില്‍ 142 എണ്ണത്തിനുമാത്രമാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടി(ഐ.എസ്.ഐ.)ന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും അനുമതിയുള്ളത്. ഇത് കണ്ടെത്തിയതോടെ ഭൂജലവകുപ്പ് കുപ്പിവെള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്.
വെള്ളക്കുപ്പിയില്‍ വരുന്ന ഭീഷണികള്‍
ന്യൂഡല്‍ഹി: 2016-'17 കാലയളവില്‍ 743 വെള്ളക്കുപ്പികള്‍ സാമ്പിളുകളായെടുത്ത് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (ഫസായി) നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുണ്ടായി. ഈ സാമ്പിളുകളില്‍ മൂന്നില്‍ ഒന്നും (224 സാമ്പിളുകള്‍) മലിനീകരിക്കപ്പെട്ടതോ, അല്ലെങ്കില്‍ ഗുണനിലവാരമില്ലാത്തതോ ആണെന്ന് പരിശോധനയില്‍ തെളിഞ്ഞു.
വന്‍തോതില്‍ മലിനീകരണമുണ്ടെന്ന് തെളിഞ്ഞതോടെ 131 കുപ്പിവെള്ള നിര്‍മാതാക്കളുടെ പേരിലാണ് ഫസായി കേസെടുത്തത്. തുടര്‍ന്ന് 33 കമ്പനികളെ ശിക്ഷിച്ചു. 40 കന്പനികള്‍ക്ക് പിഴ ചുമുത്തി.
കുപ്പിവെള്ളം നിര്‍മിക്കാനും വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സി(ബി.ഐ.എസ്.)ന്റെ സാക്ഷ്യപ്പെടുത്തല്‍ രേഖ നിര്‍ബന്ധമാണെന്ന് ഫസായി വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഏജന്‍സിയാണ് ഫസായി. സ്രോതസ്സുകളില്‍നിന്ന് ശേഖരിക്കുന്ന വെള്ളം ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ അണുനശീകരണം നടത്തുമ്പോഴാണ് കുപ്പിവെള്ളം ശുദ്ധമാകുന്നതെന്ന് ഫസായിയുടെ മാനദണ്ഡങ്ങളില്‍ പറയുന്നു. രാസവസ്തുക്കളുപയോഗിച്ചോ അല്ലാതെയോയുള്ള പ്രക്രിയയിലൂടെ ഭക്ഷ്യസുരക്ഷയ്ക്ക് സ്വീകാര്യമാകുന്ന തലംവരെ സൂക്ഷ്മജീവികളുടെ എണ്ണം കുറച്ചാണ് വെള്ളം ശുദ്ധീകരിക്കുന്നത്. ചില നിര്‍മാതാക്കള്‍ ഈ മാനദണ്ഡങ്ങളൊക്കെ കാറ്റില്‍പ്പറത്തി മലിനജലമാണ് ഉത്പ്പാദിപ്പിക്കുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞു.
ബി.ഐ.എസ്. സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സാധനങ്ങള്‍ അതില്ലാതെ വില്‍ക്കുന്നത് 2016-ലെ ബി.ഐ.എസ്. നിയമപ്രകാരം വില്‍പ്പനക്കാരന്റെ അറിവോടെയുള്ള കുറ്റമായി കണക്കാക്കും. അനുവദനീയമായ പരിധിയില്‍ക്കൂടുതല്‍ ലോഹാംശങ്ങള്‍ അടങ്ങിയേക്കാവുന്നതിന്റെ സാധ്യത കണക്കിലെടുത്തും ആവശ്യത്തിന് ധാതുക്കള്‍ ഇല്ലാത്തതിനെത്തുടര്‍ന്നും സര്‍ക്കാര്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിലും ഈവര്‍ഷം ഫെബ്രുവരി വരെയും നടത്തിയ അന്വേഷണത്തില്‍ 192 റെയ്ഡുകളും കണ്ടുകെട്ടലുകളുമാണ് ഇത്തരത്തില്‍ നടത്തിയത്.
ഇനി നമുക്കും പരിശോധിക്കാം
കുപ്പിവെള്ളം ശുദ്ധജലമാണോയെന്ന് ഇനി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പരിശോധിക്കാം. ഫസായി ആരംഭിച്ച https://safewater.fssai.gov.in/CleanWater/home എന്ന പോര്‍ട്ടലില്‍ക്കയറി കുപ്പിവെള്ളത്തിന്റെ ഫിസിക്കല്‍, കെമിക്കല്‍, മൈക്രോബയോളജിക്കല്‍ വിവരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ താരതമ്യംചെയ്യാന്‍ സാധിക്കും.
ഒരുകുപ്പിയിലുള്ളത് പതിനായിരംവരെ പ്ലാസ്റ്റിക് തരികള്‍
ഇന്ത്യയെക്കൂടാതെ, ബ്രസീല്‍, ചൈന, ഇന്‍ഡൊനീഷ്യ, കെനിയ, ലെബനന്‍, മെക്‌സിക്കോ, തായ്!ലാന്‍ഡ്, യു.എസ്. എന്നീ രാജ്യങ്ങളില്‍നിന്നുള്ള 250 വെള്ളക്കുപ്പികളിലാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാല പരിശോധന നടത്തിയത്. കണ്ടെത്തിയ 93 ശതമാനം സൂക്ഷ്മമായ പ്ലാസ്റ്റിക് തരികളില്‍ 65 ശതമാനവും ചെറിയ പ്ലാസ്റ്റിക് നാരുകളല്ല, പ്ലാസ്റ്റിക് അംശങ്ങള്‍ തന്നെയാണെന്നത് ആശങ്കാജനകമാണ്. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യോടാണ് പരിശോധന നടത്തിയ സര്‍വകലാശാലകളിലെ ഗവേഷകര്‍ ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. പതിനായിരത്തിലധികം പ്ലാസ്റ്റിക് തരികളാണ് ചില വെള്ളക്കുപ്പികളില്‍ കണ്ടെത്തിയത്.
കുപ്പികളുടെ അടപ്പുകളില്‍നിന്നാണ് ഇത്തരത്തിലുള്ള മലിനീകരണം ഏറ്റവുമധികം ഉണ്ടാകുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. കുപ്പികളുടെ അടപ്പുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പോളിപ്രോപ്പലീന്‍, നൈലോണ്‍, പോളിത്തിലീന്‍ ടെറഫ്തലേറ്റ് (പി.ഇ.ടി.) എന്നിവയും വെള്ളത്തില്‍ കണ്ടെത്തി.
അര്‍ബുദത്തിനും ഓട്ടിസത്തിനും കാരണമാകും
കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് മലിനീകരണം മനുഷ്യന്റെ ആരോഗ്യത്തിന് എത്രമാത്രം ഭീഷണിയാണെന്ന് ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പലതരത്തിലുള്ള അര്‍ബുദത്തിനും ബീജത്തിന്റെ അളവും കുറയാനും അത് കാരണമാകും. കുട്ടികളില്‍ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍, ഓട്ടിസം എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനകമ്പനികളോട് സാമ്യമുള്ള ലേബലുകള്‍ ഉപയോഗിച്ചും വില്‍പ്പന
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും (ഐ.എസ്.ഐ.) ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും അനുമതി നേടിയവയാണ് അംഗീകൃത കുപ്പിവെള്ള യൂണിറ്റുകള്‍. കേരളത്തില്‍ കുപ്പിവെള്ളമുണ്ടാക്കിവില്‍ക്കുന്ന അറനൂറിലേറെ യൂണിറ്റുകളില്‍ മൂന്നില്‍ രണ്ടെണ്ണത്തിനുപോലും ലൈസന്‍സ് തന്നെയില്ല. അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 142 യൂണിറ്റുകളില്‍ 48 എണ്ണവും പ്രവര്‍ത്തിക്കുന്നത് എറണാകുളം ജില്ലയിലാണ്. എന്നാല്‍, ഇവിടെയുമുണ്ട് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവ. അമ്പതിലേറെ യൂണിറ്റുകളാണ് ഇവിടെ ഒരു നിയന്ത്രണവുമില്ലാതെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ചെറുകുപ്പികളിലും ജാറുകളിലും ലൈസന്‍സ് നമ്പറിനുപകരം രജിസ്‌ട്രേഷന്‍ നമ്പര്‍ പതിപ്പിച്ച് ഈ യൂണിറ്റുകള്‍ വെള്ളം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. പാലക്കാട്ട് 14 അംഗീകൃതയൂണിറ്റുകളാണുള്ളത്. പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശോധനകളില്‍ പ്രമുഖകമ്പനികളോട് സാമ്യമുള്ള ലേബലുകള്‍ ഉപയോഗിച്ച് വ്യാജ കുപ്പിവെള്ളം വിതരണം ചെയ്യുന്നതും കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാവകുപ്പ് അധികൃതര്‍ പറയുന്നു.
കിണറുകളില്‍നിന്നും മറ്റു സ്രോതസ്സുകളില്‍നിന്നും വെള്ളമെടുത്ത് ശുദ്ധീകരിക്കാതെ നേരിട്ട് കുപ്പിയില്‍ നിറയ്ക്കുന്നുണ്ട്. അതിനാല്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം ചില യൂണിറ്റുകളെ പൂട്ടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഭൂജലവകുപ്പ് കുപ്പിവെള്ള യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുന്നുണ്ട്. ഭൂജലവകുപ്പിന്റെ അനുമതിയില്ലാതെ പല കുപ്പിവെള്ള യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നതായി അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കേരളത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പാണ് കുപ്പിവെള്ള യൂണിറ്റുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നത്. പക്ഷേ, ഇനിമുതല്‍ ഭൂജലവകുപ്പിന്റെ നിരാക്ഷേപപത്രം (എന്‍.ഒ.സി.) ഹാജരാക്കാതെ ലൈസന്‍സ് ലഭിക്കില്ല. തദ്ദേശസ്ഥാപനങ്ങള്‍ യൂണിറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുമ്പോഴും പുതുക്കുമ്പോഴും അവ സെക്രട്ടറി പരിശോധിക്കണമെന്ന് ഭൂജലവകുപ്പ് നിര്‍ദേശിക്കുന്നു. ഇതേത്തുടര്‍ന്നാണ് യൂണിറ്റുകളെ വകുപ്പിനുകീഴില്‍ കൊണ്ടുവരുന്നത്.
നടപടികള്‍ക്ക് നിര്‍ദേശം നല്‍കി
ബി.ഐ.എസ്. രേഖയില്ലാതെ കുപ്പിവെള്ളം വിറ്റവര്‍ക്കെതിരേ ഫസായി നോട്ടീസുകള്‍ അയച്ചുകഴിഞ്ഞു. ഭക്ഷ്യസുരക്ഷാ ഗുണനിലവാരനിയമം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- സി.ആര്‍. ചൗധരി, കേന്ദ്രമന്ത്രി
എന്‍.ഒ.സി നിര്‍ബന്ധമാക്കി
കുപ്പിവെള്ളയൂണിറ്റുകള്‍ക്ക് അനുമതി ലഭിക്കണമെങ്കില്‍ ഭൂജലവകുപ്പിന്റെ എന്‍.ഒ.സി. ഹാജരാക്കണമെന്നത് നിര്‍ബന്ധമാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അനധികൃത കുപ്പിവെള്ള യൂണിറ്റുകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.- കെ.എസ്. മധു, ഭൂജലവകുപ്പ് ഡയറക്ടര്‍