ന്യൂഡൽഹി: പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. 500 ഓക്സിജൻ പ്ലാന്റ് നിർമിക്കുന്നു. രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ മൂന്നുമാസത്തിനകം പി.എം. കെയർ ഫണ്ടുപയോഗിച്ച് പ്ലാന്റുകൾ സ്ഥാപിക്കും. ചെറുയുദ്ധവിമാനമായ തേജസ്സിൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിർമാണം. 380 പ്ലാന്റിന് നിർമാണാനുമതി നൽകിക്കഴിഞ്ഞു.

തേജസ് യുദ്ധവിമാനത്തിനുള്ള ഓക്സിജൻ സാങ്കേതികവിദ്യ ഡി.ആർ.ഡി.ഒ.യുടെ ഡിഫൻസ് ബയോ എൻജിനിയറിങ് ആൻഡ് ഇലക്‌ട്രോ മെഡിക്കൽ ലബോറട്ടറി ആണ് വികസിപ്പിച്ചെടുത്തത്. നേരിട്ട് ആശുപത്രി കിടക്കകളിലേക്ക് വിതരണം ചെയ്യാവുന്ന സാന്ദ്രതയിലുള്ള ഓക്സിജൻ നിർമിക്കാൻ ഈ സാങ്കേതിക വിദ്യയിലൂടെ പറ്റും. മെഡിക്കൽ ഓക്സിജൻ സിലിൻഡറുകളിൽ നിറച്ചും ഉപയോഗിക്കാം.

വടക്കുകിഴക്കൻ മേഖലയിലെയും ലഡാക്കിലെയും ചില സൈനിക ആശുപത്രികളിൽ ഇത്തരം പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്ലാന്റുകൾക്ക് അതേ തരത്തിലുള്ള ഓൺസൈറ്റ് പരിപാലനമടക്കമാണ് ഏർപ്പെടുത്തുക.

ബെംഗളൂരു ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് 332-ഉം കോയമ്പത്തൂർ ട്രൈഡന്റ് ന്യൂമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് 48-ഉം പ്ലാന്റുകളാണ് നിർമിക്കുക. ഇരുസ്ഥാപനങ്ങൾക്കും ഇതിനുള്ള സാങ്കേതികവിദ്യ ഡി.ആർ.ഡി.ഒ. നൽകി. മിനിറ്റിൽ 1000 ലിറ്റർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റുകളാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ദിവസം 195 സിലിൻഡറുകൾ നിറയ്ക്കാനും 190 രോഗികൾക്ക് നേരിട്ടു നൽകാനും കഴിയും. അന്തരീക്ഷ വായുവിൽനിന്ന് നേരിട്ട് ഓക്സിജൻ വലിച്ചെടുത്തുപയോഗിക്കുന്ന സാങ്കേതികവിദ്യയാണിതിലുള്ളത്.