ന്യൂഡൽഹി: കോവിഡ് വാക്സിന്റെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മംഡാവ്യ. വെള്ളിയാഴ്ച ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. രാജ്യത്തെ ജനങ്ങൾ മുഴുവൻ വാക്സിൻ സ്വീകരിച്ചെന്ന് ഉറപ്പുവരുത്താൻ എല്ലാവരും യത്നിക്കണം. അമേരിക്കയിൽനിന്ന് ഫൈസർ വാക്സിൻ ലഭ്യമാക്കാൻ കമ്പനിയുമായി സർക്കാർ ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കോവിഡിന്റെയും വാക്സിനേഷന്റെയും കാര്യത്തിൽ രാഷ്ട്രീയമില്ല. ഇക്കാര്യം പ്രധാനമന്ത്രി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇരുപതു വട്ടം ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനങ്ങളെയും വാക്സിൻ വാങ്ങാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടപ്പോൾ പ്രധാനമന്ത്രി അനുമതി നൽകിയെന്ന് മംഡാവ്യ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വിളിച്ചു. എന്നാൽ, രണ്ട് ഇന്ത്യൻ കമ്പനികൾ മാത്രമാണ് വാക്സിൻ നിർമാണം തുടങ്ങിയിരുന്നത്. ഫൈസർ വാക്സിനുവേണ്ടി കേന്ദ്ര സർക്കാർ അമേരിക്കൻ കമ്പനിയുമായി ചർച്ച നടത്തിവരുകയാണ്. എന്നാൽ, സംസ്ഥാന സർക്കാരുകളുമായി ഇടപാടിനില്ലെന്നാണ് അവരുടെ നിലപാടെന്നും മന്ത്രി പറഞ്ഞു.