ന്യൂഡൽഹി: ആഭ്യന്തരവിമാനയാത്രകളിൽ ഭക്ഷണം നൽകാൻ വിമാനക്കമ്പനികൾക്ക് വ്യോമയാനമന്ത്രാലയം അനുമതി നൽകി. വിമാനത്തിനുള്ളിൽ മുഖാവരണം ധരിക്കാൻ വിസമ്മതിക്കുന്നവർക്ക് തുടർന്നുള്ള യാത്രകളിൽ വിലക്കേർപ്പെടുത്താനും അനുമതി നൽകിയിട്ടുണ്ട്.

മേയ് 25-ന് ആഭ്യന്തരസർവീസുകൾ ആരംഭിച്ചശേഷം വിമാനത്തിനുള്ളിൽ ഭക്ഷണം വിതരണംചെയ്തിരുന്നില്ല. കുടിവെള്ളംമാത്രമേ നൽകിയിരുന്നുള്ളൂ. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഈ നിബന്ധനകളാണ് എടുത്തുകളഞ്ഞത്. നിലവിലെ ചട്ടങ്ങൾ പാലിച്ച് അന്താരാഷ്ട്ര വിമാനസർവീസുകളിൽ ചൂടുള്ള ഭക്ഷണവും പാനീയങ്ങളും നൽകാം.

ട്രേ, പാത്രം, കട്‌ലറി എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്നവ ആയിരിക്കണം. പാനീയങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസുകളിലോ കാനുകളിലോമാത്രമേ നൽകാവൂ. ഓരോതവണ ഭക്ഷണം നൽകുമ്പോഴും വിമാനജീവനക്കാർ പുതിയ കൈയുറകൾ ധരിക്കണം. വിമാനത്തിനുള്ളിലെ ‘എന്റർടെയിൻമെന്റ് സിസ്റ്റം’ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. പാട്ടും സിനിമയും മറ്റും ആസ്വദിക്കാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇയർഫോണുകളോ അണുമുക്തമാക്കിയ ഹെഡ്‌ഫോണുകളോ നൽകും.

Content Highlights: Domestic flights