Rafaleറഫാലിൽ ഹർജിക്കാർ ഹാജരാക്കിയ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽനിന്ന്‌ മോഷ്ടിച്ചതാണെന്നും അത്‌ പ്രസിദ്ധീകരിച്ചവർക്കെതിരേ നടപടിയെടുക്കുമെന്നും വാദത്തിനിടെ പറഞ്ഞ കേന്ദ്രസർക്കാരിനെ സുപ്രീംകോടതി ചോദ്യംചെയ്തു.

റഫാൽ പുനഃപരിശോധനാ ഹർജികളിൽ ബുധനാഴ്ചനടന്ന മണിക്കൂറുകൾനീണ്ട വാദത്തിൽ മുഖ്യപങ്കുവഹിച്ചത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ള ഹർജിക്കാരെക്കാളേറെ കേന്ദ്രത്തിന്റെ വാദങ്ങളെ മറുചോദ്യങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കിയത് ജസ്റ്റിസുമാരായ കെ.എം. ജോസഫും എസ്.കെ. കൗളും കൂടി ഉൾപ്പെടുന്ന ബെഞ്ചായിരുന്നു.

പ്രതിരോധ ഇടപാടുകൾ കോടതിയുടെ പരിശോധനയ്ക്ക്‌ വിധേയമാക്കുന്ന ഏകരാജ്യം ഇന്ത്യയാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന രേഖകൾ പരസ്യമാക്കരുതെന്നും അറ്റോർണി ജനറൽ വാദിച്ചു. എന്നാൽ, കോടതിക്കുമുന്നിലെത്തിയ രേഖകൾ വിശ്വസിച്ചാലും ഇല്ലെങ്കിലും പരിശോധിക്കുന്നതിൽ കുഴപ്പമെന്താണെന്ന് ബെഞ്ച് തിരിച്ചുചോദിച്ചു.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ:

പ്രതിരോധമന്ത്രാലയത്തിൽനിന്ന്‌ മോഷണംപോയ രഹസ്യരേഖകളെ അടിസ്ഥാനമാക്കിയുള്ള ഹർജികൾ തള്ളണം. രേഖകൾ മോഷ്ടിച്ചതിനെതിരേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഹിന്ദു പത്രത്തിനെതിരേയും ഹർജിക്കാർക്കെതിരേയും നടപടിയെടുക്കും. രഹസ്യസ്വഭാവമുള്ളത് എന്നെഴുതിയ രേഖകളാണ് പത്രം പ്രസിദ്ധീകരിച്ചത്. കോടതിയെ സ്വാധീനിക്കാനാണ് വാർത്ത നൽകുന്നത്. വിവരാവകാശനിയമത്തിനുകീഴിൽ വരുന്ന രേഖകളല്ല ഇവ. ഉറവിടം വ്യക്തമാക്കാത്ത രേഖകൾ സ്വീകരിക്കരുത്. ‘ഹിന്ദു’ രേഖകൾ പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ മുകളിൽ ‘രഹസ്യം’ എന്നെഴുതിയത് മായ്ച്ചുകളഞ്ഞു.

ഔദ്യോഗിക രഹസ്യരേഖകൾ പ്രസിദ്ധീകരിക്കുന്നത് 14 വർഷംവരെ ശിക്ഷാർഹമായ കുറ്റമാണ്. രേഖകൾ പ്രസിദ്ധീകരിച്ചത് രാജ്യത്തോടുചെയ്ത കുറ്റമാണ്. റഫാൽ ഇടപാടിൽ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടാൽ അത്‌ രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കും. എഫ്-16 പോലുള്ള ശത്രുരാജ്യങ്ങളിലെ യുദ്ധവിമാനങ്ങളെ തുരത്താൻ റഫാൽ വേണ്ടിവരും. അടുത്തിടെ എഫ്-16നെതിരേ 1960 മോഡൽ മിഗ്-21 ‘മനോഹരമായി’ പോരാടി. ചില വിഷയങ്ങൾ കോടതിയുടെ പരിധിക്കുപുറത്താണ്. യുദ്ധം പ്രഖ്യാപിക്കുന്നതും അംബാസഡർമാരെ നിയമിക്കുന്നതുമെല്ലാം സർക്കാരിന്റെ രാഷ്ട്രീയതീരുമാനങ്ങളാണ്. പ്രതിരോധ ഇടപാടുകൾ കോടതി പരിശോധിക്കുന്ന ഏകരാജ്യം ഇന്ത്യയാണ്. അന്താരാഷ്ട്രകരാറുകൾ റദ്ദാക്കിയാൽ ലോകത്തിനുമുന്നിൽ തെറ്റായ സന്ദേശം നൽകും. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റ് പരിശോധിക്കും.

സുപ്രീംകോടതിയുടെ ചോദ്യങ്ങൾ:

റഫാൽ രഹസ്യരേഖകൾ മോഷണം പോയശേഷം എന്തുനടപടിയാണ് സർക്കാർ സ്വീകരിച്ചത്? മോഷ്ടിച്ച രേഖകൾ കോടതിയുടെ മുന്നിലെത്തിയാൽ പരിശോധിക്കരുതെന്ന്‌ പറയുന്നതിലെ നിയമം എന്താണ്? അങ്ങനെയെങ്കിൽ ബൊഫോഴ്‌സ് കേസിലും സർക്കാർ ഇതുതന്നെ പറയുമോ? ഒരു കേസിലെ പ്രതി തന്റെ നിരപരാധിത്വം തെളിയിക്കാൻ മോഷ്ടിച്ച രേഖകൾ ഹാജരാക്കിയെന്നിരിക്കട്ടെ. അത്‌ കോടതിക്ക് പരിശോധിക്കേണ്ടിവരില്ലേ? അഴിമതിയാരോപണം നേരിടുമ്പോൾ രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് സർക്കാരിന് സംരക്ഷണം തേടാൻ സാധിക്കുമോ? അഴിമതി നടന്നിട്ടുണ്ടോ എന്നതാണ് ഇവിടെ വിഷയം.

വാര്‍ത്തകളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് എന്‍. റാം

ന്യൂഡല്‍ഹി: റഫാല്‍ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഹിന്ദു പബ്ലിഷിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. റാം. കരാറിലെ വിശദാംശങ്ങള്‍ മറച്ചുവെക്കപ്പെട്ടതിനാലാണ് തങ്ങളത് പ്രസിദ്ധീകരിച്ചതെന്നും റാം പി.ടി.ഐ.യോട് പറഞ്ഞു.

റഫാല്‍ രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍നിന്ന് മോഷ്ടിച്ചതാണെന്നും അന്വേഷണം നടത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞ സാഹചര്യത്തിലാണ് റാമിന്റെ പ്രതികരണം.

രേഖകള്‍ പുറത്തുവിട്ടവര്‍ ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റക്കാരാണെന്നും അത് കോടതിയലക്ഷ്യമാണെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. ''സുപ്രീംകോടതിയുടെ നടപടിയില്‍ ഞാന്‍ പ്രതികരിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ പ്രസിദ്ധീകരിച്ചത് പ്രസിദ്ധീകരിച്ചതുതന്നെയാണ്. വിശ്വാസയോഗ്യമായ രേഖകളാണവ. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ അതീവപ്രാധാന്യമുള്ള ഒരു വിഷയത്തിന്റെ പ്രസക്തമായ വിവരങ്ങള്‍ പൊതുതാത്പര്യത്തെ മാനിച്ച് പുറത്തുകൊണ്ടുവരേണ്ടത് പത്രത്തിന്റെ ഉത്തരവാദിത്വമാണ്.

ഞങ്ങള്‍ ചെയ്തതിന് അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയുടെ 19 (1) (എ) വകുപ്പുപ്രകാരവും വിവരാവകാശനിയമത്തിന്റെ 8 (1) (ഐ), 8 (2) എന്നീ വകുപ്പുകള്‍ പ്രകാരവും സംരക്ഷണമുണ്ട്'' -റാം പറഞ്ഞു. പ്രശസ്ത പത്രപ്രവര്‍ത്തകനായ റാമാണ് റഫാല്‍ ഇടപാട് സംബന്ധിച്ച രഹസ്യരേഖകള്‍ ഹിന്ദുവിലൂടെ പുറത്തുവിട്ടത്.

content highlightsd: Documents related to Rafale deal stolen from defence ministry, Centre tells SC