ചെന്നൈ: തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിന് വൻ വിജയം. തിരഞ്ഞെടുപ്പ് നടന്ന 140 ജില്ലാപഞ്ചായത്ത് വാർഡുകളിൽ 138 ഇടത്തും ഡി.എം.കെ. സഖ്യം വിജയിച്ചു. രണ്ടിടങ്ങളിൽ മാത്രമാണ് എ.ഐ.എ.ഡി.എം.കെ.യ്ക്ക് കാലുറപ്പിക്കാനായത്. വിഴുപുരം, ചെങ്കൽപ്പെട്ട് ജില്ലകളിലാണ് പാർട്ടിക്ക് ഒരോ സീറ്റുകൾ ലഭിച്ചത്. കള്ളക്കുറിച്ചി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, തിരുനെൽവേലി, തെങ്കാശി, മൈലാടുതുറൈ ജില്ലകളിലെ എല്ലാ ജില്ലാപഞ്ചായത്ത് വാർഡുകളിലും ഡി.എം.കെ. വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച പാർട്ടികൾക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല.

1,381 പഞ്ചായത്ത് യൂണിയൻ വാർഡുകളിൽ 1368 ഇടത്തെ ഫലം വന്നപ്പോൾ 1007 എണ്ണം ഡി.എം.കെ. സഖ്യം നേടി. എ.ഐ.എ.ഡി.എം.കെ. സഖ്യം 214 വാർഡുകൾ നേടി. മറ്റുള്ളവർക്ക് 147 സീറ്റുകൾ കിട്ടി.

ഭരണത്തിലേറി അഞ്ച് മാസത്തിനുള്ളിൽ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ കൈവരിച്ചതിനാലാണ് ഡി.എം.കെ.യ്ക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാനായതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഡി.എം.കെ.യുടെ കളിപ്പാവയായതിനാലാണ് ഈ വിജയമുണ്ടായതെന്ന് എ.ഐ.എ.ഡി.എം.കെ. ആരോപിച്ചു. ഇത് യഥാർഥ വിജയമല്ല. എല്ലായിടത്തും പരാതികളുണ്ട്- എ.ഐ.എ.ഡി.എം.കെ. കോ-ഓർഡിനേറ്റർ ഒ. പനീർശെൽവം പറഞ്ഞു.

ഡി.എം.കെ. ബൂത്തുകൾ കൈയേറുകയും എതിർ പാർട്ടികളിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നതായി പനീർശെൽവം ആരോപിച്ചു. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തുന്നതിനെ എ.ഐ.എ.ഡി.എം.കെ. എതിർത്തിരുന്നു. ഈ വിഷയത്തിൽ കോടതിയെയും സമീപിച്ചിരുന്നു. ഒരു ഘട്ടമായി നടത്താനുള്ള സാധ്യതകൾ ആരായാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പിന്നീട് നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളകളിലും ഡി.എം.കെ. ഭരണ സ്വാധീനം ഉപയോഗിച്ചു. ഇതൊരു വിജയമല്ല -പനീർശെൽവം പറഞ്ഞു.