ചെന്നൈ: ഡി.എം.കെ. എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്ത സ്​പീക്കറുടെ നടപടി തടയാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. നിയമസഭയും സ്​പീക്കറും ഉള്‍പ്പെട്ട സംഭവമായതിനാല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.കെ. കൗളും ജസ്റ്റിസ് ആര്‍. മഹാദേവനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍, എം.എല്‍.എ.മാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നിയമസഭാ പ്രമേയത്തിന്റെ സാധുത പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി സപ്തംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചു.

നിയമസഭാ സ്​പീക്കറുടെ നടപടി ജനാധിപത്യം അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ ഡി.എം.കെ. നേതാവും പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിന്‍ കുറ്റപ്പെടുത്തി. വിശദീകരണംപോലും ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെ.യില്‍നിന്ന് 79 എം.എല്‍.എ.മാരാണ് ബുധനാഴ്ച നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍, 80 പേരെയാണ് സ്​പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിയമസഭാ രജിസ്റ്ററില്‍പോലും തട്ടിപ്പുനടത്തിയിരിക്കുകയാണ്.

ഡി.എം.കെ. എം.എല്‍.എ.മാരെ നിയമസഭാ ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കുകയാണ് ഉദ്ദേശ്യം. നിയമസഭാചട്ടം 121-ാം വകുപ്പുപ്രകാരമാണ് സസ്‌പെന്‍ഷനെന്നും ഈ വകുപ്പ് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണെന്നും ഹര്‍ജിയില്‍ എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

234 അംഗ നിയമസഭയില്‍ ഡി.എം.കെ.യ്ക്ക് 89 അംഗങ്ങളാണുള്ളത്. ഇതില്‍ 79 പേരാണ് ബുധനാഴ്ച നിയമസഭയില്‍ ഹാജരായിരുന്നത്. സഭയിലില്ലാതിരുന്ന പോലൂര്‍ എം.എല്‍.എ. ശേഖറും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, 79 എം.എല്‍.എ.മാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് പിന്നീട് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.