ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പുറത്ത് ബദല്‍ നിയമസഭാ സമ്മേളനം നടത്തിയ പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ 60 ഡി.എം.കെ. സാമാജികര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതോടെ എ.ഐ.എ.ഡി.എം.കെ.- ഡി.എം.കെ.പോരാട്ടം വരുംദിവസങ്ങളില്‍ ശക്തമാകുമെന്നാണ് സൂചന.

സഭാനടപടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് ഡി.എം.കെ.യുടെ 79 എം.എല്‍.എ.മാരെ കഴിഞ്ഞ ബുധനാഴ്ചയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ എം.എല്‍.എ.മാര്‍ ബദല്‍സഭ നടത്തിയത്. നിയമസഭാമന്ദിരത്തിന് പുറത്ത് കസേരകളിട്ടായിരുന്നു ഇത്.

സെക്രട്ടേറിയറ്റ് വളപ്പില്‍ അനധികൃതമായി കൂട്ടം കൂടിയെന്നതുള്‍പ്പെടെയുള്ള വിവിധ ക്രിമിനല്‍കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രക്ഷുബ്ധരംഗങ്ങളുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സുരക്ഷ ശക്തമാക്കി. സെക്രട്ടേറിയറ്റ് ഉള്‍പ്പെടുന്ന ഫ്‌ലവര്‍ ബസാര്‍ പോലീസ് ഡിസ്ട്രിക്ടിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. ശക്തിവേലിനെ മാറ്റി, പകരം വാഷര്‍മെന്‍പേട്ട് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ജയകുമാറിനെ നിയമിച്ചു.

എം.കെ. സ്റ്റാലിന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി നടത്തിയ പ്രചാരണപരിപാടിയെ പരിഹസിച്ച് എ.ഐ.എ.ഡി.എം.കെ. അംഗം ബുധനാഴ്ച നിയമസഭയില്‍ പരാമര്‍ശം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ ബഹളമാണ് ഡി.എം.കെ. സാമാജികരുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. ബഹളം കനത്തതിനെത്തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാരെ ഉപയോഗിച്ച് ഡി.എം.കെ. എം.എല്‍.എ.മാരെ നിയമസഭയില്‍നിന്ന് സ്​പീക്കര്‍ പുറത്താക്കിയിരുന്നു. സ്റ്റാലിനെ തൂക്കിയെടുത്താണ് പുറത്തേക്കുകൊണ്ടുപോയത്.