ചെന്നൈ: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഡി.എം.കെ.യുടെ ഹർജി. സംവരണം സംബന്ധിച്ച പുതിയ ഭരണഘടനാ ഭേദഗതി അസാധുവാക്കണമെന്ന് ഡി.എം.കെ. രാജ്യസഭാ എം.പി.യും പാർട്ടി ഓർഗനൈസിങ് സെക്രട്ടറിയുമായ ആർ.എസ്. ഭാരതി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് പത്ത് ശതമാനം സംവരണം നൽകുന്നത് ഭരണഘടനാ ലംഘനമാണ്. ജാതിവിവേചനം നേരിടുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായ പിന്നാക്കവിഭാഗക്കാർക്കാണ് സംവരണം നൽകേണ്ടത്. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികാടിത്തറയെ ആശ്രയിച്ചാവരുത്. ദാരിദ്ര്യനിർമാർജനമല്ല സംവരണത്തിന്റെ ലക്ഷ്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. എം.പി.മാരുമായി വേണ്ടത്ര കൂടിയാലോചന നടത്താതെ തിടുക്കപ്പെട്ടാണ് ഇത് സംബന്ധിച്ച ബിൽ പാസാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം സർക്കാർ വകുപ്പുകളിൽ ബി.സി, ഒ.ബി.സി. വിഭാഗക്കാർക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ പുതിയ സംവരണ നിയമവുമായി രംഗത്തെത്തിയതിനെ അംഗീകരിക്കാനാവില്ലെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ഭരണകാലാവധി അവസാനിക്കാറായ വേളയിലാണ് നരേന്ദ്രമോദി സർക്കാർ സംവരണം നടപ്പാക്കുന്നത്. പിന്നാക്കക്കാർക്ക് കേന്ദ്രസർക്കാർ വകുപ്പുകളിലുള്ള 27 ശതമാനം സംവരണം ഒരു വകുപ്പിൽ പോലും ശരിയായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. പിന്നാക്ക സംവരണം മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ വി.പി. സിങ്ങിന്റെ നടപടിയും സ്റ്റാലിൻ പരാമർശിച്ചു. അടുത്ത അധ്യയന വർഷം മുതൽത്തന്നെ രാജ്യത്തെ എല്ലാ സർവകലാശാലകളിലും കോളേജുകളിലും സംവരണനിയമം പ്രാബല്യത്തിൽ വരുത്തുമെന്ന കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുടെ പ്രഖ്യാപനം ഞെട്ടലുണ്ടാക്കിയെന്നും സ്റ്റാലിൻ പറഞ്ഞു.

Content Highlihts: DMK against Economic Reservation