ബെംഗളൂരു: കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ കൈക്കൂലി വാങ്ങുന്ന കാര്യം വ്യക്തമാക്കി കോൺഗ്രസ് കർണാടക ഘടകം മാധ്യമ കോ-ഓർഡിനേറ്റർ എം.എ. സലീമും മുൻ കോൺഗ്രസ് എം.പി. വി.എസ്. ഉഗ്രപ്പയും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പുറത്ത്. ഇത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയതിനെത്തുടർന്ന് എം.എ. സലീമിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കി. ഉഗ്രപ്പയോട് മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി.

കോൺഗ്രസ് വക്താവുകൂടിയായ വി.എസ്. ഉഗ്രപ്പ ചൊവ്വാഴ്ച കെ.പി.സി.സി. ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചുചേർത്തിരുന്നു. പത്രസമ്മേളനത്തിനു തൊട്ടുമുമ്പ് അടുത്തുവന്നിരുന്ന സലീം, ഉഗ്രപ്പയുമായി ശബ്ദംതാഴ്ത്തി സംസാരിച്ചത് ക്യാമറയിൽ പതിഞ്ഞു. ചാനലുകളുടെ ക്യാമറകളും മൈക്കുകളും ഓൺ ആയിരിക്കുമ്പോഴായിരുന്നു സംഭാഷണം. ഇവർ അറിയാതെ റെക്കോഡ് ചെയ്യപ്പെട്ട സംഭാഷണം ബുധനാഴ്ച ബി.ജെ.പി. നേതാവ് അമിത് മാളവ്യയാണ് പുറത്തുവിട്ടത്.

ഡി.കെ. ശിവകുമാറിന് കൈക്കൂലി വാങ്ങാൻ ഒട്ടേറെ അടുപ്പക്കാരുണ്ടെന്ന് സംഭാഷണത്തിൽ സലീം പറയുന്നു. ഇതിലൊരാൾ 50 കോടിമുതൽ നൂറുകോടി രൂപവരെ സമ്പാദിച്ചു. അയാൾ ഒരു കളക്‌ഷൻ ഏജന്റ് മാത്രമാണെന്നും സലീം പറയുന്നു. ഡി.കെ. ശിവകുമാറിനെ നമ്മൾ കെ.പി.സി.സി. പ്രസിഡന്റാക്കിയെന്നും അദ്ദേഹം രാഷ്ട്രീയത്തിൽ ഉയർന്നുവന്നത് ഇത്തരം കാരണങ്ങളാലാണെന്നും ഉഗ്രപ്പ മറുപടിപറയുന്നു.

കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിൽ ഡി.കെ. ശിവകുമാർ ജലസേചനമന്ത്രിയായിരിക്കെ നടന്ന അഴിമതിയെക്കുറിച്ചാണ് സലീം പറയുന്നതെന്നാണ് സൂചന.

മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പി.എ.യുടെ വീട്ടിൽ കഴിഞ്ഞദിവസം ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ ജലസേചനപദ്ധതികൾ ഏറ്റെടുത്തുനടത്തിയ കരാറുകാരുമായി ഇദ്ദേഹത്തിന്റെ ബന്ധം മുൻനിർത്തിയായിരുന്നു പരിശോധന. ഈ പശ്ചാത്തലത്തിലാണ് മുൻ ജലസേചനമന്ത്രിയായ ഡി.കെ. ശിവകുമാർ കമ്മിഷൻ വാങ്ങുന്ന കാര്യം വെളിപ്പെടുത്തി സലീമിന്റെയും ഉഗ്രപ്പയുടെയും സംഭാഷണം പുറത്തുവന്നിരിക്കുന്നത്.