ഹൈദരാബാദ്: ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ഹൈദരാബാദ് ദിശാ ബലാത്സംഗക്കൊലക്കേസ് പ്രതികളിൽ രണ്ടുപേർ സമാനമായ ഒൻപതു കേസുകളിൽ കുറ്റസമ്മതം നടത്തിയിരുന്നതായി പോലീസ്. ലോറി ജീവനക്കാരായ മുഹമ്മദ് ആരിഫ് (26), ചിന്തകുണ്ട ചെന്നകേശവുലു (20) എന്നിവർ കസ്റ്റഡിയിലിരിക്കെ കുറ്റങ്ങൾ ഏറ്റുപറഞ്ഞെന്നാണ് തെലങ്കാന പോലീസ് വൃത്തങ്ങൾ അറിയിച്ചത്.

തെലങ്കാനയിലെ രംഗറെഡ്ഡി, സാംഗറെഡ്ഡി, മെഹ്‌ബുബ്നഗർ എന്നീ ജില്ലകളിൽ മൂന്നു സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച കേസിലാണ് കുറ്റസമ്മതം. തെലങ്കാനയുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിലെ ജില്ലകളിലാണ് ബാക്കി ആറു കേസുകൾ.

ഹൈദരാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളെയും കുറ്റകൃത്യം നടന്ന സ്ഥലത്തുവെച്ച് ഡിസംബർ ആറിന് പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.

ആരിഫും ചെന്നകേശവുലുവും കർണാടകയിൽനിന്ന് ഹൈദരാബാദിലേക്ക് സാധനങ്ങൾ കൊണ്ടുവരാറുണ്ടായിരുന്നു. ഹൈദരാബാദിലേക്ക് ഇഷ്ടികകൾ കൊണ്ടുവരുന്ന വഴിയാണ് ഇവർ മറ്റു രണ്ടുപേരുമായി ചേർന്ന് ദിശയെ കൊലപ്പെടുത്തുന്നതും. പതിനഞ്ചോളം കേസുകളിൽ ഇരുവരും പ്രതികളായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. റോഡിനു സമീപം സ്ത്രീകളുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ എല്ലാ സംഭവങ്ങളും അന്വേഷണസംഘം പരിശോധിക്കും.

Content Highlights: Disha case Hyderabad