sanjay guptaമുംബൈ: കേരളത്തിൽ താൻ വംശീയമായ വേർതിരിവിന് ഇരയായെന്ന് ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത കുറ്റപ്പെടുത്തി.

ട്വിറ്ററിലൂടെയാണ് സഞ്ജയ് ഗുപ്ത തനിക്ക് നേരിടേണ്ടി വന്ന സംഭവം പുറംലോകത്തെ അറിയിക്കുന്നത്. ഫോർട്ട്കൊച്ചിയിലെ സീഗൾ ഹോട്ടലിൽവച്ചാണ് വിവേചനം നേരിട്ടത്. ജലോപരിതലത്തിലെ തട്ടിനു മുകൾഭാഗം അവിടെ വെള്ളക്കാർക്ക് മാത്രമായാണ് മാറ്റിവച്ചിരിക്കുന്നത്. ഒഴിഞ്ഞ മേശകൾ ഉണ്ടായിട്ടും ഇന്ത്യക്കാർക്ക് നൽകുന്നില്ല. എല്ലാം മുൻകൂട്ടി ബുക്ക് ചെയ്തതാണ് എന്നാണ് ഹോട്ടലുകാർ അവകാശപ്പെടുന്നത്. ജീവിതത്തിൽ ആദ്യമായാണ് തനിക്ക് ഇത്തരത്തിൽ ഒരു അനുഭവം നേരിടേണ്ടി വന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.സഞ്ജയ്‌ ഗുപ്തയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ രംഗത്തുവന്നിട്ടുണ്ട്. സംവിധായകൻ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും കേരളത്തിൽ അത്തരത്തിൽ വിവേചനം ഇല്ലെന്നും ചിലർ പറയുന്നു. സ്വന്തം രാജ്യത്തുതന്നെ ഇന്ത്യക്കാർ വിവേചനം നേരിടുമ്പോൾ പാശ്ചാത്യ രാജ്യങ്ങളെ കുറ്റം പറയുന്നതിൽ എന്താണ് അർഥമുള്ളതെന്ന് മറ്റു ചിലർ ചോദിക്കുന്നു. ഷൂട്ട് ഔട്ട് അറ്റ് വഡാല, ഹൃത്വിക് റോഷൻ നായകനായ കാബിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അദ്ദേഹം.

ആരോപണം തെറ്റെന്ന് ഹോട്ടൽ അധികൃതർ

കൊച്ചി: മറ്റ് ബുക്കിങ് ഉണ്ടായിരുന്നതു കൊണ്ടാണ് സഞ്ജയ് ഗുപ്തയെ ആ സമയം അവിടെ ഇരുത്താൻ കഴിയാതിരുന്നതെന്ന് ഹോട്ടൽ സീഗൾ മാനേജിങ് ഡയറക്ടർ വി.കെ. പ്രതാപൻ പറഞ്ഞു. രണ്ട് ഗ്രൂപ്പുകളാണ് അന്ന് ബുക്ക് ചെയ്തിരുന്നത്. മറ്റ് ബുക്കിങ്ങുകൾ ഇല്ലാത്തപ്പോൾ ആർക്കും ആ റസ്റ്റോറന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. വിദേശികളും സ്വദേശികളുമായ ധാരാളം സഞ്ചാരികൾ വന്ന് ഭക്ഷണം കഴിക്കുന്ന സ്ഥലമാണിത്. നല്ല സേവനം ലഭിക്കുന്നതിനാലാണ് ധാരാളമാളുകൾ വീണ്ടും വരുന്നത്. സഞ്ജയ് ഗുപ്ത ഏതാനും മിനിറ്റുകൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഹോട്ടലിലെ ക്യാമറയിൽ ഈ ദൃശ്യങ്ങൾ ആർക്കും പരിശോധിക്കാം. അടിസ്ഥാനമില്ലാത്ത ആരോപണമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കേരളത്തിനെതിരേ പ്രചാരണം നടത്തുകയാണദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് മനസ്സിലാക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.

content highlights: director Sanjay Gupta faces racism in Kerala