ന്യൂഡൽഹി: ഓടുന്ന വാഹനത്തിൽ നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിയായ നടൻ ദിലീപിന് ദൃശ്യങ്ങൾ കൈമാറുന്നതിനെതിരേ സംസ്ഥാനസർക്കാരും നടിയും വീണ്ടും നിലപാടെടുത്തു. സുപ്രീംകോടതിയിൽ എഴുതിനൽകിയ വാദത്തിലാണ് ഇരുകക്ഷികളും നിലപാട് വ്യക്തമാക്കിയത്.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് വിധിപറയാൻ മാറ്റിയപ്പോൾ കക്ഷികൾക്ക് വാദമുഖങ്ങൾ എഴുതിനൽകാൻ അവസരം നൽകിയിരുന്നു. കർശന ഉപാധിയോടെയാണെങ്കിലും പ്രതിക്ക് ദൃശ്യങ്ങൾ കൈമാറരുതെന്നാണ് നടി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിന് ദൃശ്യങ്ങൾ കാണിച്ചുകൊടുക്കുന്നതിൽ തടസ്സമില്ല. എന്നാൽ, പകർപ്പ് കൈമാറിയാൽ ദൃശ്യങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്നും അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും എഴുതിനൽകിയ വാദങ്ങളിൽ നടി വ്യക്തമാക്കി.

ദൃശ്യങ്ങൾ ലഭിക്കാൻ ഏത് ഉപാധിക്കും തയ്യാറാണെന്ന് ദിലീപ് നേരത്തേ വാദിച്ചിരുന്നു. ദൃശ്യങ്ങളിൽ പ്രത്യേകതരം വാട്ടർ മാർക്കിടണമെന്നും ഇതിലൂടെ ഏതുവ്യക്തിക്കാണ് ദൃശ്യങ്ങൾ നൽകിയതെന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ, സുരക്ഷാ മുൻകരുതലുകളെടുത്താൽപ്പോലും ദൃശ്യങ്ങൾ കൈമാറരുതെന്ന നിലപാടാണ് നടിയും സംസ്ഥാനസർക്കാരും അറിയിച്ചത്.

Content Highlights: Dillep actress abduction case