ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം നൽകാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജികൾ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. കണ്ണൂർ നാറാത്ത് യു.പി. സ്കൂൾ അധ്യാപകൻ കെ.എൻ. ആനന്ദ് ഉൾപ്പെടെയുള്ളവരുടെ ഹർജികളാണ് ജസ്റ്റിസ് നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.

ഉയർന്ന തസ്തികയിലുൾപ്പെടെ ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നൽകാമെന്ന് രാജീവ് കുമാർ ഗുപ്ത കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഈ വിധി പാലിക്കണമെന്ന് പിന്നീട് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നുകാട്ടിയുള്ള പരാതിയാണ് സമാനമായ മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കുന്നത്.