ന്യൂഡൽഹി: ഗുജറാത്ത് കലാപക്കേസിലെ പ്രതികളിൽ ആരെയും സംരക്ഷിച്ചിട്ടില്ലെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) സുപ്രീംകോടതിയിൽ പറഞ്ഞു. വളരെ ആഴത്തിലും കാര്യക്ഷമമായുമാണ് അന്വേഷണം നടത്തിയതെന്നും എസ്.ഐ.ടി. അവകാശപ്പെട്ടു.

2002-ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻചിറ്റ് നൽകിയ എസ്.ഐ.ടി. നടപടിക്കെതിരേ സാക്കിയ ജാഫ്രി നൽകിയ ഹർജി പരിഗണിക്കവേയാണ് എസ്.ഐ.ടി.ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി ഇക്കാര്യം പറഞ്ഞത്. സാക്കിയ ജാഫ്രിയുടെ ഭർത്താവ് എഹ്സാൻ ജാഫ്രി ഉൾപ്പെടെ 68 പേരാണ് ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയ്ക്ക് ഇരയായത്.

സാക്കിയ ജാഫ്രി ആരോപിക്കുംപോലെ സംഭവത്തിനുപിന്നിൽ വിശാലമായ ഗൂഢാലോചനയ്ക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് റോഹ്തഗി വാദിച്ചു. കേസിൽ 275 പേരെ വിസ്തരിച്ചെങ്കിലും വിശാല ഗൂഢാലോചനയ്ക്ക് തെളിവുകിട്ടിയില്ല. എസ്.ഐ.ടി. അതിന്റെ ജോലിചെയ്തില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ആരെയും സംരക്ഷിക്കുന്നുമില്ല. എസ്.ഐ.ടി. ജോലി ചെയ്തില്ലെന്ന് കാണിക്കാനായി ആയിരക്കണക്കിന് പേജുകൾ കോടതിയിൽ ഫയൽ ചെയ്യുന്നതല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നും റോഹ്തഗി പറഞ്ഞു.

കലാപത്തിനിടെ രണ്ട് മന്ത്രിമാർ കൺട്രോൾ റൂമിലുണ്ടായിരുന്നുവെന്നാണ് ആരോപണം. എന്നാൽ, ഒരാൾ മാത്രം അവിടെ സന്ദർശിച്ചുവെന്നും മറ്റേയാൾ പോയിട്ടേയില്ലെന്നുമാണ് മനസ്സിലായതെന്ന് റോഹ്തഗി വ്യക്തമാക്കി. അവിടെ പോയ മന്ത്രി മറ്റൊരു മുറിയിലാണ് ഇരുന്നത്. മന്ത്രിയുടെ സാന്നിധ്യം പോലീസിന് സഹായമാണ് ചെയ്യുക. പോലീസിന്റെ ആത്മധൈര്യം വർധിപ്പിക്കാൻ അത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിൽ എസ്.ഐ.ടി.യുടെ വാദം വ്യാഴാഴ്ചയും തുടരും.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളും പബ്ലിക് പ്രോസിക്യൂട്ടർമാരും ഒത്തുകളിച്ചുവെന്ന് സാക്കിയ ജാഫ്രിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട പല കേസുകളിലും വി.എച്ച്.പി.ക്കാരെയാണ് (വിശ്വ ഹിന്ദു പരിഷത്ത്) പബ്ലിക് പ്രോസിക്യൂട്ടർമാരാക്കിയതെന്നും സിബൽ ആരോപിച്ചു.