മുംബൈ: നീലച്ചിത്രനിർമാണക്കേസിൽ അറസ്റ്റിലായ ഭർത്താവ് രാജ് കുന്ദ്ര നിരപരാധിയാണെന്ന് നടി ശിൽപ ഷെട്ടി പോലീസിന് മൊഴിനൽകി. കേസിൽ പറയുന്ന ദൃശ്യങ്ങളെപ്പറ്റി അറിയില്ലെന്നും അശ്ലീലദൃശ്യങ്ങളടങ്ങിയ നീലച്ചിത്രവും കലാമൂല്യമുള്ള രതിച്ചിത്രവും രണ്ടാണെന്നും ശിൽപ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.

നീലച്ചിത്രങ്ങൾ നിർമിച്ച് ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിനാണ് രാജ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. മുംബൈയിലെ കോടതി കുന്ദ്രയെയും കൂട്ടുപ്രതി റയാൻ തോർപ്പിനെയും ജൂലായ് 27 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് പോലീസ് ശിൽപ ഷെട്ടിയുടെ മൊഴിയെടുത്തത്. ശിൽപയുടെ ജൂഹുവിലെ വീട്ടിൽ പോലീസ് വെള്ളിയാഴ്ച റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

രാജ് കുന്ദ്രയുടെ ലണ്ടനിലുള്ള ബന്ധു പ്രദീപ് ബക്ഷിയാണ് ആപ്പിൽ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്തതെന്നും തനിക്കോ ഭർത്താവിനോ അതിൽ പങ്കില്ലെന്നും ശിൽപ പറഞ്ഞതായാണ് അറിയുന്നത്. ഹോട്ട്‌ഷോട്ടിൽ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ സ്വഭാവം അറിയില്ല. എങ്കിലും അത് അശ്ലീല ചിത്രമല്ല എന്നാണ് കരുതുന്നത്. നീലച്ചിത്രവും രതിച്ചിത്രങ്ങളും രണ്ടാണെന്നും കലാമൂല്യമുള്ള രതിച്ചിത്രങ്ങൾ പങ്കുവെക്കുന്ന ഒ.ടി.ടി. പ്ലാറ്റ് ഫോമുകൾ വേറെയുമുണ്ടെന്നും ശിൽപ പോലീസിനോട് പറഞ്ഞു. സമാനമായ മൊഴിയാണ് രാജ് കുന്ദ്രയും പോലീസിന് നൽകിയത്.

ഇതേകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രാജ് കുന്ദ്രയ്‌ക്കെതിരേ കേസെടുക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. അനധികൃത പണമിടപാടിനും വിദേശനാണ്യ വിനിമയ ചട്ടലംഘനത്തിനുമാണ് കേസെടുക്കുന്നത്. നീലച്ചിത്രനിർമാണത്തിൽനിന്ന് ലഭിച്ച പണം എന്തിനൊക്കെയാണ് ചെലവഴിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഇത് ശിൽപയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നോ എന്നും പരിശോധിക്കുന്നു. അറസ്റ്റിനെയും റിമാൻഡിനെയും ചോദ്യംചെയ്ത് രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.