ന്യൂഡൽഹി: കോവിഡ് അടച്ചിടൽ രാജ്യത്തിനുണ്ടാക്കിയ ക്ഷീണം മറികടക്കാൻ അടിസ്ഥാനസൗകര്യമേഖലയിൽ കൂടുതൽ മൂലധന നിക്ഷേപം വകയിരുത്തി കേന്ദ്രബജറ്റ്. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ദീർഘകാല വായ്പയൊരുക്കാൻ കേരളത്തിന്റെ കിഫ്ബിയുടെ മാതൃകയിൽ വികസന ധനകാര്യ സ്ഥാപനം (ഡെപലപ്‌മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ-ഡി.എഫ്.ഐ.) സ്ഥാപിക്കാൻ 20,000 കോടിരൂപ വകയിരുത്തി. ഇതിന്റെ നിയമനിർമാണത്തിനായി പാർലമെന്റിൽ ബില്ലവതരിപ്പിക്കും. മൂന്നുവർഷംകൊണ്ട് ചുരുങ്ങിയത് അഞ്ചുലക്ഷം കോടി രൂപയെങ്കിലും ഇതുവഴി നൽകാകും.

കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് മൂലധന നിക്ഷേപം 34.5 ശതമാനം വർധിപ്പിച്ചുകൊണ്ട് 5.54 ലക്ഷം കോടി രൂപയാക്കി. സംസ്ഥാനങ്ങൾക്കും സ്വയംഭരണസ്ഥാപനങ്ങൾക്കും രണ്ടുലക്ഷം കോടിരൂപ വേറെയും നൽകും. റോഡ്, റെയിൽവേ പദ്ധതികൾക്ക് എക്കാലത്തെയും ഉയർന്ന തുകയാണ് വകയിരുത്തിയതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടി വകയിരുത്തി. അതിൽ 1.08 ലക്ഷം കോടിയും മൂലധനത്തിനായി ചെലവഴിക്കും. റെയിൽവേക്ക്‌ 1.10 ലക്ഷം കോടി വകയിരുത്തുന്നതിൽ 1.07 ലക്ഷവും മൂലധന ആവശ്യങ്ങൾക്കാണ് ചെലവഴിക്കുക. അടുത്തവർഷം മാർച്ചിനു മുമ്പായി 11,000 കിലോമീറ്റർ ഹൈവേ പൂർത്തിയാക്കുന്നതിനു പുറമേ 8500 കിലോമീറ്റർ ഹൈവേ പദ്ധതികൾക്ക് അനുമതിയും നൽകും.

  • പൊതുഗതാഗത സേവനങ്ങൾ വർധിപ്പിക്കുന്നതിന് 18,000 കോടിയുടെ പുതിയ പദ്ധതി. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ 20,000-ലേറെ ബസുകൾക്ക് സഹായധനം.
  • വൈദ്യുതിമേഖലയിൽ അഞ്ചുവർഷംകൊണ്ട് 3.05 ലക്ഷം കോടി ചെലവഴിക്കും. വൈദ്യുതി വിതരണ കമ്പനികൾക്ക് അടിസ്ഥാനസൗകര്യമുണ്ടാക്കാൻ സഹായധനം.
  • പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രമുഖ തുറമുഖങ്ങളുടെ ഏഴ് പദ്ധതികൾക്ക് രണ്ടായിരം കോടി.
  • ഇന്ത്യൻ കമ്പനികൾക്ക് വാണിജ്യക്കപ്പലുകൾ നിർമിക്കാൻ 1624 കോടി സബ്‌സിഡി.
  • ഉജ്ജ്വല പദ്ധതിക്കുകീഴിൽ ഒരുകോടിപ്പേർക്കുകൂടി പാചകവാതകം. മൂന്നുവർഷത്തിനകം നൂറുനഗരങ്ങളിൽക്കൂടി പൈപ്പ് ലൈൻ ഗ്യാസ്.
  • സോളാർ എനർജി കോർപ്പറേഷന് ആയിരം കോടി. പുനരുത്പാദിപ്പിക്കാവുന്ന ഊർജവികസന ഏജൻസിക്ക് 1500 കോടി.
  • ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ 118.9 കിലോമീറ്ററിന് 63,246 കോടി.
  • ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്ററിന് 14,788 കോടി.
  • നാഗ്പുർ മെട്രോ രണ്ടാംഘട്ടത്തിന് 5976 കോടി, നാസിക് മെട്രോയ്ക്ക് 2092 കോടി.

Content Highlights: DFI to be Set Up to Fund Infra Projects, Will Lend Rs 5 Lakh Crore in 3 Years: Finance Minister