മുംബൈ: നിരോധനത്തിനിടയിലും ഇന്ത്യയിൽ പുതിയ ഓഫീസ് തുറക്കാൻ നടപടികളുമായി ടിക് ടോക്, ഹെലോ, വിഗോ വീഡിയോ ആപ്പുകളുടെ മാതൃകന്പനിയായ ബൈറ്റ്ഡാൻസ്. മുംബൈയിലെ ഗൊരേഗാവിലുള്ള വീ വർക് നെസ്കോ ഐ.ടി. പാർക്കിൽ 1250 സീറ്റുകളോടുകൂടിയ ഓഫീസ് തുറക്കുന്നതിനാണ് പദ്ധതി. രണ്ടു വർഷത്തേക്ക് കെട്ടിടം വാടകയ്ക്കെടുത്ത് കന്പനി തിങ്കളാഴ്ച ഇടപാടുകൾ പൂർത്തിയാക്കിയെന്നാണ് വിവരം.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ മൊത്തത്തിൽ നിയന്ത്രിക്കാനാകുംവിധമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കാൻ കന്പനി ആലോചിക്കുന്നത്. അതേസമയം, ബൈറ്റ്ഡാൻസോ വീ വർക്കോ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 2,28,000 ചതുരശ്ര അടിയിൽ എട്ടുനിലകളിലായാണ് വീ വർക്ക് നെസ്കോ ഐ.ടി. പാർക്കുള്ളത്. നിലവിൽ ബാന്ദ്രയിലും അന്ധേരിയിലുമായി ബൈറ്റ് ഡാൻസിന് രണ്ട് ഓഫീസുകളുണ്ട്. ഇവരണ്ടും പുതിയ ഓഫീസിലേക്ക് മാറ്റിയേക്കും. അതേസമയം, ആപ്പുകളുടെ നിരോധനത്തിൻറെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ നിക്ഷേപപ്രവർത്തനങ്ങളുടെ വേഗം കന്പനി കുറച്ചിട്ടുണ്ട്.

ടിക് ടോക്കിൻറെ ഇന്ത്യയിലെ അതിവേഗവളർച്ച മുൻനിർത്തി ഇവിടെ വൻനിക്ഷേപത്തിനാണ് ബൈറ്റ് ഡാൻസ് പദ്ധതിയിട്ടിരുന്നത്. 2018-ൽ പ്രവർത്തനം തുടങ്ങിയ കന്പനിയിൽ രണ്ടായിരത്തോളം ഇന്ത്യക്കാർ ജോലിചെയ്യുന്നുണ്ട്. ചൈനയുമായുള്ള അതിർത്തിസംഘർഷത്തെത്തുടർന്ന് രാജ്യസുരക്ഷ മുൻനിർത്തിയാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.