മിനിയാപോളിസ്: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ളോയിഡിനെ കാൽമുട്ട് കൊണ്ട് കുഴുത്തിലമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ എന്ന്‌ കോടതി. വെള്ളക്കാരനായ യു.എസ്. പോലീസുദ്യോഗസ്ഥനായ ഡെറക് ചൗവിനെയാണ് കൊലയുമായി ബന്ധപ്പെട്ട മൂന്ന് വകുപ്പുകളിൽ കുറ്റക്കാരനായി കണ്ടെത്തിയത്‌.

വിധികേൾക്കാൻ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.

2020 മേയ് 25-നാണ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. ‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്... എനിക്ക് ശ്വാസം മുട്ടുന്നു’’- മരിക്കുന്നതിന് മുമ്പ് ജീവനുവേണ്ടി പിടഞ്ഞ നേരത്ത് കണ്ണീരോടെയുള്ള ഫ്ളോയിഡിന്റെ യാചന കഴിഞ്ഞ ഒരു വർഷമായി ലോകത്താകമാനം പ്രതിഷേധാഗ്നി തീർത്തതായിരുന്നു. അതുകൊണ്ട് തന്നെ വംശീയനരഹത്യ കൊലക്കേസിൽ വെള്ളക്കാരനായ പോലീസുകാരനെതിരേയുള്ള വിധിയ്ക്ക് ലോകം കാതോർത്തിരുന്നു.

വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ചൗവിൻ അഞ്ചുമിനിറ്റോളം കഴുത്തിൽ കാലുകൊണ്ട് ഞെരിച്ചത്. സംഭവം വിവാദമായപ്പോൾ തന്നെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.