ന്യൂഡൽഹി: സാധാരണ കണ്ടുവരുന്ന ഡെങ്കിപ്പനിയെക്കാൾ മാരകമായ സിറോ ടൈപ്പ്-2 ഡെങ്കിപ്പനിക്കെതിരേ കേരളമുൾപ്പെടെ 11 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളത്തിനുപുറമേ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടകം, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഇത്തരം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.

സിറോടൈപ്പ്-2 ഡെങ്കി കേസുകൾ രാജ്യത്ത് വർധിക്കുകയാണെന്നും സംസ്ഥാനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും കോവിഡ് അവലോകന യോഗത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

പ്രതിസന്ധി മറികടക്കാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണം. പനി ഹെൽപ് ഡെസ്കുകൾ ആരംഭിക്കണം. പരിശോധിക്കാനുള്ള കിറ്റുകളും ആവശ്യമായ മരുന്നുകളും കരുതിവെക്കണമെന്നും ഭൂഷൺ പറഞ്ഞു.