ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന് രാജ്യമാകെ കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനസമിതിയാണ് തീരുമാനം എടുത്തത്. വിവിധ പാര്‍ട്ടികള്‍ സ്വന്തംനിലയിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. നോട്ട് അസാധുവാക്കല്‍മൂലം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലുണ്ടായ പ്രശ്‌നങ്ങളും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനാണ് ഈ പ്രതിഷേധമെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചത്. ജെ.ഡി.(യു) നേതാവ് ശരദ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ബംഗാളില്‍ 'കാലോ ദിബസ്' എന്ന പേരിലായിരിക്കും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് ഡെറക് ഒബ്രിയന്‍ അറിയിച്ചു.

പ്രതിപക്ഷം സംയുക്തമായി കരിദിനം ആചരിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിന് എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് അന്ന് ഡല്‍ഹിയിലെത്തി പ്രതിഷേധിക്കുക സാധ്യമല്ലാത്തതിനാലാണ് സ്വന്തം നിലയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നൂറ്റാണ്ടിലെ ഏറ്റവുംവലിയ കുംഭകോണമാണെന്ന് ചരിത്രം വിലയിരുത്തുന്നമെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഇതിനെ എതിര്‍ത്തവരെ അഴിമതിക്കാരായി ചിത്രീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഏഴ് പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഒരുമിച്ചുനിന്ന 18-ഓളം പാര്‍ട്ടികളെ ഒന്നിച്ചണിനിരത്താനാണ് ശ്രമം. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ ഐക്യം പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യശ്രമങ്ങളില്‍ സഹകരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസുമായി ഒന്നിച്ച് പ്രക്ഷോഭത്തിന് ഇടതുപാര്‍ട്ടികള്‍ തയ്യാറാകാത്തത് ശ്രദ്ധേയമാണ്. തിങ്കളാഴ്ചത്തെ യോഗത്തില്‍ വിട്ടുനിന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചൊവ്വാഴ്ച പ്രതിപക്ഷനേതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലും പങ്കെടുത്തില്ല. അദ്ദേഹം പ്രത്യേക പത്രസമ്മേളനം വിളിച്ചാണ് തങ്ങള്‍ നടത്താനുദ്ദേശിക്കുന്ന പ്രക്ഷോഭപരിപാടികള്‍ വിശദീകരിച്ചത്.