ചെന്നൈ: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നവംബറില്‍ അസാധുവാക്കിയതോടെ തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന്റെ ബിനാമി അക്കൗണ്ടില്‍ ഒറ്റത്തവണയായി 246 കോടി രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തല്‍. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തിയത്. ഇതു സംബന്ധിച്ചു നോട്ടീസ് ലഭിച്ചതോടെ പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജനപ്രകാരം പിഴയൊടുക്കാന്‍ അക്കൗണ്ട് ഉടമ തയ്യാറാകുകയായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഒരു പ്രധാന നേതാവിന്റെ ബിനാമി അക്കൗണ്ടാണിതെന്നാണു സൂചനയെങ്കിലും നേതാവിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പ് അധികൃതര്‍ തയ്യാറായില്ല.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനും ഡിസംബര്‍ 30-നും ഇടയിലാണു നിക്ഷേപം നടന്നത്. നോട്ട് നിരോധനത്തിനു ശേഷം ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപത്തില്‍ ഒന്നായിരുന്നു ഇതെന്നും ആദായനികുതി അധികൃതര്‍ പറയുന്നു. തിരുച്ചെങ്കോടുള്ള ബാങ്കിലാണു പണം നിക്ഷേപിച്ചതെന്നാണു സൂചന. സാധാരണ ബാങ്കിങ് സമയം കഴിഞ്ഞതിനുശേഷമാണു പണം നിക്ഷേപിച്ചതെന്നും കണ്ടെത്തിയിരുന്നു.

ഇതുകൂടാതെ തമിഴ്‌നാട്ടില്‍തന്നെ മറ്റു 441 അക്കൗണ്ടുകളിലായി 240 കോടിരൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയിരുന്നു. എന്നാല്‍ അക്കൗണ്ട് ഉടമകളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

സംശയാസ്​പദമായ നിക്ഷേപങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 27,000-ത്തിലധികം അക്കൗണ്ട് ഉടമകള്‍ക്കു വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ 18,000-ത്തിലധികം പേര്‍ മറുപടി നല്‍കി. ആവര്‍ത്തിച്ച് അറിയിപ്പു നല്‍കിയിട്ടും ബാക്കിയുള്ളവരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.