ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തികവളര്‍ച്ച മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള ആദ്യപാദവര്‍ഷത്തിലെ കണക്കാണിത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഇത് 7.9 ശതമാനമായിരുന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക് കാര്യാലയം വ്യാഴാഴ്ച പുറത്തുവിട്ട മൊത്ത ആഭ്യന്തര ഉത്പാദന കണക്കുകളിലാണ് ഈ വിവരമുള്ളത്.

ചരക്ക്-സേവന നികുതി (ജി.എസ്.ടി.) സമ്പ്രദായം നടപ്പാക്കുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദനം കുറച്ചതും നോട്ട് അസാധുവാക്കലിന്റെ ആഘാതവുമാണ് വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാക്കിയത്. 2014 ജനുവരി-മാര്‍ച്ചിലാണ് വളര്‍ച്ചനിരക്കില്‍ ഇതിലും വലിയ ഇടിവുണ്ടായത് (4.6 ശതമാനം).

ചൈന വളര്‍ച്ചനിരക്കില്‍ ഇന്ത്യക്ക് മുന്നിലാണ്. തുടര്‍ച്ചയായി രണ്ട് പാദവാര്‍ഷിക അവലോകനങ്ങളിലാണ് ഇന്ത്യ ചൈനയ്ക്ക് പിന്നിലാകുന്നത്. 6.9 ശതമാനമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലും ചൈനയുടെ വളര്‍ച്ചനിരക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ (ജനുവരി-മാര്‍ച്ച്) 6.1 ശതമാനം ആയിരുന്നു ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചനിരക്ക്.

ജൂലായ് ഒന്നിന് ജി.എസ്.ടി. നിലവില്‍വരുന്നത് മുന്‍കൂട്ടിക്കണ്ട് ഉത്പാദിപ്പിച്ച സാധനങ്ങള്‍ വിറ്റഴിക്കുന്നതിനാണ് സ്ഥാപനങ്ങള്‍ ഊന്നല്‍നല്‍കിയത്. ഇത് ഉത്പാദനത്തില്‍ വന്‍ കുറവുണ്ടാക്കി. ഉത്പാദനനിരക്ക് മുന്‍വര്‍ഷത്തെ 10.7 ശതമാനത്തില്‍നിന്ന് 1.2 ശതമാനമായി കുറഞ്ഞു. ഇതാണ് വളര്‍ച്ചനിരക്കില്‍ പ്രതിഫലിച്ചത്. ജി.എസ്.ടി. നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വം കാര്‍, വസ്ത്രം, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ ഉത്പാദനം കുറയ്ക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കി.

കഴിഞ്ഞ നവംബറില്‍ കേന്ദ്രം പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലും സാമ്പത്തികവളര്‍ച്ചയെ പിന്നോട്ടടിച്ചു. കാര്‍ഷികമേഖലയിലും വളര്‍ച്ചനിരക്കില്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണില്‍ 2.3 ആയിരുന്നത് 2.1 ആയി. ഇന്‍ഷുറന്‍സ്, റിയല്‍എസ്റ്റേറ്റ്, ധനകാര്യ, സേവന മേഖലകളിലും വളര്‍ച്ചനിരക്ക് ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം 9.4 ശതമാനമായിരുന്നത് 6.4 ശതമാനമായാണ് കുറഞ്ഞത്.
 
ആശങ്കാജനകം

വളര്‍ച്ചനിരക്കിലുണ്ടായ കുറവ് ആശങ്കപ്പെടുത്തുന്നതാണ്. നിരക്ക് മെച്ചപ്പെടുത്താനും വളര്‍ച്ച ഉത്തേജിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും -മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.