ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ റിസര്‍വ് ബാങ്ക് ആവശ്യത്തിന് പുതിയ 500, 2000 രൂപ നോട്ടുകള്‍ അച്ചടിച്ച് തയ്യാറെടുത്തിരുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സ്ഥിരം ധനകാര്യസമിതിയുടെ തെളിവെടുപ്പിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടതിനാല്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ഇക്കാര്യത്തില്‍നടന്ന ചര്‍ച്ചയുടെ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കിക്കൊണ്ടാണ് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നോട്ട് അച്ചടിക്കാനുള്ള പേപ്പറിന്റെയും മഷിയുടെയും ലഭ്യത, അച്ചടിച്ച നോട്ടുകള്‍ എത്തിക്കാനെടുത്ത നടപടികള്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചചെയ്തിരുന്നതായി എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 500, 1000 നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്.