: രണ്ടുവർഷംമുമ്പ് കേന്ദ്രസർക്കാർ 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയപ്പോൾ കേരളത്തിലെ ജില്ലാ സഹകരണബാങ്കുകൾ മാറ്റിയെടുത്തത് 2,094.08 കോടി രൂപ. ഏറ്റവുംകൂടുതൽ അസാധുനോട്ടുകൾ മാറ്റിയത് കാസർകോട് ജില്ലാ ബാങ്കാണ്; 293.58 കോടി രൂപ. എറണാകുളം ജില്ലാ ബാങ്ക് 216.16 കോടി രൂപയുടെയും കോഴിക്കോട് ബാങ്ക് 215.59 കോടിയുടെയും പഴയ നോട്ടുകൾ മാറ്റി. ജില്ലാ സഹകരണബാങ്കുകളിലൂടെ മാറ്റിയ ആകെ നോട്ടുകളുടെ ഒമ്പതുശതമാനം കേരളത്തിൽനിന്നാണ്.

ഏറ്റവുംകൂടുതൽ പഴയ നോട്ടുകൾ മാറ്റിയെടുത്തത് ഗുജറാത്തിലാണ്. കൂടുതൽ പണം നിക്ഷേപിച്ച ആദ്യത്തെ പത്തു ജില്ലാബാങ്കുകളിൽ നാലെണ്ണം ഗുജറാത്തിലും നാലെണ്ണം മഹാരാഷ്ട്രയിലുമാണ്. രാജ്യത്ത് ഏറ്റവുംകൂടുതൽ നോട്ടുകൾ മാറ്റിയത് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ അധ്യക്ഷനായ അഹമ്മദാബാദ് ജില്ലാ ബാങ്കാണ്; 745.59 കോടി രൂപയാണ് ഈ ബാങ്കിലൂടെ മാറ്റിയത്. ഗുജറാത്തിലെ മന്ത്രി ജയേഷ് ഭായ് രാധാദിയ അധ്യക്ഷനായ രാജ്‌കോട്ട് ജില്ലാ ബാങ്കാണ് രണ്ടാമത്; 693.19 കോടി രൂപയുടെ പഴയ നോട്ടുകൾ അവിടെ മാറ്റി. മഹാരാഷ്ട്രയിലെ പുണെ ജില്ലാ ബാങ്ക് മാറ്റിയത് 551.62 കോടി രൂപയാണ്.

2016 നവംബർ എട്ടിന് രാത്രിയാണ് 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയത്. നവംബർ 10-നും ഡിസംബർ 31-നുമിടയിൽ രാജ്യത്തെ 370 ജില്ലാ സഹകരണബാങ്കുകൾ വഴി 22,270 കോടി രൂപയുടെ അസാധുനോട്ടുകൾ നിക്ഷേപകർ മാറ്റിയെടുത്തു. പഴയ നോട്ടുകൾ മാറ്റിയ 31,15,964 പേരുടെ വിശ്വാസ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് നബാർഡ് വൃത്തങ്ങൾ പറഞ്ഞു.

കേരളത്തിലെ ജില്ലാ ബാങ്കുകൾ മാറ്റിയെടുത്ത പഴയ നോട്ടുകളുടെ മൂല്യം (കോടി രൂപയിൽ)

1. കാസർകോട് 293.58

2. എറണാകുളം 216.16

3. കോഴിക്കോട് 215.59

4. കണ്ണൂർ 212.95

5. തൃശ്ശൂർ 192.74

6. മലപ്പുറം 169.76

7. കൊല്ലം 160.50

8. തിരുവനന്തപുരം 144.35

9. പാലക്കാട് 131.59

10. കോട്ടയം 118.59

11. ഇടുക്കി 67.09

12. ആലപ്പുഴ 66.88

13. വയനാട് 56.82

14. പത്തനംതിട്ട 47.48