ന്യൂഡൽഹി: ഡെൽറ്റ പ്ളസ് വകഭേദം മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ശ്വാസകോശത്തെ ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും ഇത് കഠിനമായ ശ്വാസകോശരോഗങ്ങൾക്ക് കാരണമാകില്ലെന്ന് കോവിഡ് വിദഗ്ധസമിതി മേധാവി ഡോ. എൻ.കെ. അറോറ. കൂടുതൽ കേസുകൾ ഉണ്ടാകുമ്പോൾ മാത്രമേ പുതിയ വകഭേദത്തിന്റെ ആഘാതം എത്രത്തോളമുണ്ടെന്ന് വ്യക്തമാകൂവെന്നും വാക്സിൻ ലഭിച്ചവർക്ക് രോഗതീവ്രത കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഡെൽറ്റ പ്ളസ് മൂന്നാംതരംഗത്തിന് കാരണമാകുമോ എന്നുപറയാൻ പ്രയാസമാണ്. വകഭേദം കണ്ടെത്തിയ ജില്ലകളിൽ വാക്സിൻ വിതരണം വർധിപ്പിക്കണം. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിലാണ് രണ്ടാംതരംഗം രൂക്ഷമായത്. ചില സ്ഥലങ്ങളിൽ ഇപ്പോഴും കേസുകൾ കൂടുന്നു അതുകൊണ്ട് തരംഗം അവസാനിച്ചെന്നു പറയാൻ സാധിക്കില്ല. ഒരു വലിയ വിഭാഗത്തിന് രോഗം ബാധിച്ചാൽ അടുത്ത തരംഗത്തിൽ ആളുകൾക്ക് ജലദോഷം പോലുള്ള ബുദ്ധിമുട്ടുകൾ വരാം. എന്നാൽ, അത് ഗുരുതരമാകില്ല.” -അറോറ വ്യക്തമാക്കി.

content highlights: delta plus likely not to cause severe lung diseases says experts