ന്യൂഡൽഹി: തലസ്ഥാനത്ത് തിങ്കളാഴ്ചമുതൽ സിനിമാശാലകളും തിയേറ്ററുകളും തിരുമ്മൽ കേന്ദ്രങ്ങളും തുറക്കാൻ അനുമതി. തിയേറ്ററുകളിലും മൾട്ടിപ്ളക്സുകളിലും പകുതി സീറ്റുകളിലേക്കായിരിക്കും പ്രവേശനം.

പകുതി യാത്രക്കാരുമായി സർവീസ് നടത്തിയിരുന്ന മെട്രോയിൽ മുഴുവൻ സീറ്റിലും ആളെ ഇരുത്താനും ഡൽഹി ദുരന്തനിവാരണ സമിതി തീരുമാനിച്ചു. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണിത്.

വിവാഹവിരുന്നുകളിലും ശവസംസ്കാരച്ചടങ്ങുകളിലും 100 പേർ വരെയാവാം. ഇതുവരെ 50 പേരിൽ കൂടുതൽ പാടില്ലായിരുന്നു. എല്ലാ ഓഡിറ്റോറിയങ്ങളും പകുതി സീറ്റിൽ ആളെ ഇരുത്താവുന്ന വിധത്തിൽ തുറന്ന്‌ പ്രവർത്തിക്കാം. സ്കൂൾ, കോളേജ്, വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവ മാത്രമാണ് ഇനി തുറക്കാനുള്ളത്.