ന്യൂഡൽഹി: ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാനമേഖലയിലെ ഏറ്റവും വലിയ സെക്സ് റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബന് (ഗീത അറോറ) 24 വർഷം കഠിനതടവ്. ഇവരുടെ കൂട്ടാളിയായ സന്ദീപ് ബേഡ്‌വലിന് 20 വർഷത്തെ തടവും വിധിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികത്തൊഴിലിന് സോനു നിർബന്ധിച്ചെന്ന കേസിൽ ദ്വാരക ജില്ലാ കോടതിയാണ് ബുധനാഴ്ച ശിക്ഷവിധിച്ചത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നതാണ് സന്ദീപിനെതിരേയുള്ള കുറ്റം. വർഷങ്ങളായി നഗരത്തിൽ വൻകിട സെക്സ് റാക്കറ്റ് നടത്തിയിരുന്ന സോനുവിന് ഉത്തരേന്ത്യയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന സോനു അടുത്തിടെ അമിതമായ അളവിൽ മരുന്നുകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, ജയിൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ മരിച്ചില്ല.
സ്ത്രീയെന്ന് വിളിക്കപ്പെടാനുള്ള എല്ലാ പരിധികളും സോനു ലംഘിച്ചെന്നും അതിനാൽ ഏറ്റവും കഠിനമായ ശിക്ഷ അർഹിക്കുന്നെന്നും ശിക്ഷ വിധിക്കവേ കോടതി പറഞ്ഞു. ലൈംഗികത്തൊഴിലിന് ഇരയെ വാങ്ങുക മാത്രമല്ല സോനു പഞ്ചബൻ ചെയ്തത്. ആവശ്യങ്ങൾക്ക് വഴങ്ങാൻവേണ്ടി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. എതിർക്കാതിരിക്കാനായി സോനു ഇരയുടെമേൽ ബലമായി മയക്കുമരുന്ന് കുത്തിവെച്ചു. കൂടാതെ ഇരയുടെ മാറിടത്തിലും വായിലും മുളകുപൊടി തേച്ചു. ആഗ്രഹങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ ക്രൂരത നേരിടേണ്ടിവരുമെന്നുമുള്ള ഭീതി സൃഷ്ടിക്കാൻവേണ്ടിയായിരുന്നു ഇത്. ആജ്ഞകൾ അനുസരിക്കാത്ത വേളയിൽ സോനു ഇരയെ മർദിക്കുകയും ചെയ്തിരുന്നു. ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ പരിഷ്‌കൃത സമൂഹത്തിൽ ജീവിക്കാൻ അർഹരല്ല. അതിനാൽ, ജയിലിന്റെ മതിൽക്കെട്ടിനകമാണ് അവർക്ക് ജീവിക്കാനുള്ള മികച്ച സ്ഥലം -കോടതി ഉത്തരവിൽ പറഞ്ഞു.
2013-ലാണ് കേസിനാസ്പദമായ സംഭവം. 12 വയസ്സുള്ള പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികത്തൊഴിലിന് ഇരയാക്കിയത്. 2017-ലാണ് സോനുവും സന്ദീപും അറസ്റ്റിലായത്. പെൺകുട്ടിക്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: Delhi sex racket case