ന്യൂഡൽഹി: പക്ഷിപ്പനി ബാധിച്ച് രാജ്യത്തെ ആദ്യ മനുഷ്യമരണം ഡൽഹിയിൽ റിപ്പോർട്ടു ചെയ്തതോടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിർദേശം. ഹരിയാണ സ്വദേശിയായ പതിനൊന്നുകാരനാണ് എയിംസിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചത്.

കടുത്തപനിയും ചുമയും ബാധിച്ചതിനെത്തുടർന്ന് ഈ മാസം രണ്ടിനാണ് കുട്ടിയെ എയിംസിൽ പ്രവേശിപ്പിച്ചത്. ആദ്യം കോവിഡാണെന്നു സംശയിച്ച് പരിശോധന നടത്തി. ഫലം നെഗറ്റീവായിരുന്നു. രക്താർബുദവും ന്യുമോണിയയുമുള്ള കുട്ടിക്ക് പക്ഷിപ്പനിയും ബാധിച്ചിട്ടുണ്ടെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ സ്ഥിരീകരിച്ചു.

കഴിഞ്ഞ 15 വർഷമായി രാജ്യത്ത് പക്ഷിപ്പനി റിപ്പോർട്ടുചെയ്യാൻ തുടങ്ങിയിട്ട്. പക്ഷികൾ ചത്തൊടുങ്ങുകയല്ലാതെ ഇതുവരെയും മനുഷ്യരിലേക്ക്‌ രോഗം പടർന്നതായോ മരണം സംഭവിച്ചതായോ സ്ഥിരീകരിക്കപ്പെട്ടിരുന്നില്ലെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.

മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക്‌ പക്ഷിപ്പനി വൈറസ് പടരാനുള്ള സാധ്യത കുറവാണെന്നും ആശങ്ക വേണ്ടെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. എന്നാൽ, ജാഗ്രത വേണം. രോഗബാധിതരെ കണ്ടെത്താനും ചികിത്സിക്കാനുമുള്ള നടപടിയുണ്ടാവണം. കോഴിവളർത്തൽ കേന്ദ്രത്തിലും മറ്റും നിരീക്ഷണം ഉറപ്പാക്കണം -അദ്ദേഹം പറഞ്ഞു. മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക്‌ പക്ഷിപ്പനി വൈറസ് പടരുകയും അതിജീവിക്കുകയും ചെയ്യുന്നതിന് ഇതുവരെയും തെളിവുകളില്ലെന്ന് എയിംസ് മെഡിക്കൽ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നീരജ് നിശ്ചലും വ്യക്തമാക്കി.

പക്ഷിപ്പനി വൈറസ് മനുഷ്യരിലേക്കു പടരാനുള്ള സാധ്യത വിരളമാണെങ്കിൽതന്നെയും രോഗബാധയുണ്ടായാൽ മരണസാധ്യത ഏറെയാണെന്നാണ് ദേശീയ സാംക്രമികരോഗ നിയന്ത്രണ കേന്ദ്ര(എൻ.സി.ഡി.സി.)ത്തിന്റെ വിലയിരുത്തൽ. ആദ്യമായി പക്ഷിപ്പനിമരണവും റിപ്പോർട്ടുചെയ്ത പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാനിർദേശം. കോഴിഫാമുകൾ ഉൾപ്പെടെയുള്ള പക്ഷിവളർത്തൽ കേന്ദ്രങ്ങളിൽ നിരീക്ഷണം ഉറപ്പാക്കണമെന്നും സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.