ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപക്കേസിൽ തയ്യാറാക്കിയിട്ടുള്ള കുറ്റപത്രത്തിൽ ഖലിസ്താൻ തീവ്രവാദികളെയും പാകിസ്താനിലെ ഐ.എസ്.ഐ. ഇന്റലിജൻസ് ഏജൻസിയെയും പിന്തുണയ്ക്കുന്നവരുടെ പേരുകളും. കേസിൽ പ്രതിചേർക്കപ്പെട്ട അഥർ ഖാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സംഘടനകളുമായി ബന്ധമുള്ളവരുടെ പേരുകൾ ഡൽഹി പോലീസ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഇന്ത്യൻ എവിഡൻസ് ആക്ടനുസരിച്ച് ഇത്തരം മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ പേരിൽ കേസെടുക്കാനാവില്ല.

ഫെബ്രുവരി പത്ത്, 11 തീയതികളിൽ സി.എ.എ. വിരുദ്ധ പ്രതിഷേധത്തിൽ ഖലിസ്താൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ബഗിച്ച സിങ്, ലവ്പ്രീത് സിങ് എന്നിവരെ കണ്ടിരുന്നതായി തന്റെ പരിചയക്കാരനായ റിസ്വാൻ സിദ്ദിഖി പറഞ്ഞതായാണ് അഥർ ഖാന്റെ മൊഴി. അവരെ കണ്ടത്‌ ഷഹീൻബാഗിലെ സമരകേന്ദ്രത്തിലായിരുന്നു. ഐ.എസ്.ഐ.യ്ക്കും അനുകൂലമാണവർ. ഖലിസ്താൻ അനുകൂലികൾ സി.എ.എ. വിരുദ്ധ സമരത്തെയും പിന്തുണയ്ക്കണമെന്ന് ഐ.എസ്.ഐ. സന്ദേശമയച്ചിരുന്നു.

കലാപത്തിൽ സഹായിക്കാമെന്നും തങ്ങളിലൊരാളെ ഒരു പ്രതിഷേധവേദിയിലേക്ക്‌ അയക്കാമെന്നും അവർ വാഗ്ദാനം ചെയ്തതായും റിസ്വാൻ സിദ്ദിഖി പറഞ്ഞതായി മൊഴിയിലുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി. എട്ടോ പത്തോ ദിവസത്തിനുശേഷം ജബർജങ് സിങ് എന്നൊരാൾ ചാന്ദ്ബാഗിലെ പ്രതിഷേധവേദിയിലെത്തി. ഇയാളെ ബഗിച്ച സിങ് പറഞ്ഞയച്ചതായിരുന്നു. കേന്ദ്രസർക്കാരിനെതിരേ ഇയാൾ വേദിയിൽ പ്രസംഗിക്കുകയുംചെയ്തു - ഖാന്റെ മൊഴിയിൽ പറയുന്നു.

അഥർ ഖാനെ ജൂലായ് രണ്ടിനാണ് പോലീസ് പിടികൂടിയത്. ചാന്ദ്ബാഗ് മേഖലയിലാണ് ഇയാളുടെ താമസം. കലാപത്തിനുപിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റുചെയ്തത്. അഥർ ഖാൻ ഉൾപ്പെടെ 14 പേരെ പ്രതിചേർത്തിട്ടുള്ളതാണ് പോലീസ് സമർപ്പിച്ചിട്ടുള്ള പതിനായിരം പേജുള്ള കുറ്റപത്രം. എ.എ.എ. കൗൺസിലർ താഹിർ ഹുസൈനാണ് കുറ്റപത്രത്തിൽ മുഖ്യപ്രതി. ജെ.എൻ.യു. വിദ്യാർഥികളായ ദേവാംഗന കലിത, നടാഷ നർവാൾ, ജാമിയ വിദ്യാർഥികളായ സഫൂറ സർഗർ, കുൽഫിഷ ഖത്തൂൻ, ഷഫ ഉർ റഹ്മാൻ, അസിഫ് ഇഖ്ബാൽ തൻഹ, അബ്ദുൾ ഖാലിദ് സെയ്ഫി, ഇസ്രത്ത് ജഹാൻ, മീരാൻ ഹൈദർ, ഷാബാദ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്ക്, മുഹമ്മദ് സലീം ഖാൻ എന്നിവരാണ് പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ.

നിലവിൽ യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്തിട്ടുള്ള ഉമർ ഖാലിദ്, ഷർജീൽ ഇമാം, മുഹമ്മദ് പർവേഷ് അഹമ്മദ്, മുഹമ്മദ് ഇല്യാസ്, ഡാനിഷ്, ഫൈസൽ ഖാൻ എന്നിവരെ ഈ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇവരെ ഉൾപ്പെടുത്തി അനുബന്ധകുറ്റപത്രം തയ്യാറാക്കിവരുകയാണ് പോലീസ്.

Content Highlights: Delhi riots ISI