ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കലാപക്കേസിൽ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, സി.പി.ഐ. ദേശീയ നിർവാഹകസമിതിയംഗം ആനി രാജ, കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ് തുടങ്ങിയവരുടെ പേരുകളും. വൃന്ദാ കാരാട്ട് ഉൾപ്പെടെയുള്ളവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാണ് ഡൽഹി പോലീസിന്റെ അനുബന്ധ കുറ്റപത്രത്തിലെ പരാമർശം. സാക്ഷിമൊഴിയിലാണ് നേതാക്കളുടെ പേരുകൾ.

അഡ്വ. പ്രശാന്ത് ഭൂഷൺ, സി.പി.ഐ. (എം.എൽ.) നേതാവ് കവിതാ കൃഷ്ണൻ, ശാസ്ത്രജ്ഞൻ ഗോഹർ റാസ, സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ് തുടങ്ങിയവരാണ് കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ട മറ്റുള്ളവർ. എന്നാൽ, ആരെയും ഇതുവരെ പ്രതി ചേർത്തിട്ടില്ല. കലാപക്കേസിൽ തയ്യാറാക്കിയ മറ്റൊരു അനുബന്ധ കുറ്റപത്രത്തിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത പ്രമുഖ നേതാക്കളുടെ പേരുകളെല്ലാം പരാമർശിച്ചുള്ളതാണ് ഡൽഹി പോലീസ് തയ്യാറാക്കിയിട്ടുള്ള കുറ്റപത്രം. ഡൽഹി കലാപത്തിനുള്ള ആസൂത്രണം പൗരത്വ പ്രതിഷേധങ്ങളിലൂടെ നടന്നുവെന്നാണ് പോലീസിന്റെ കുറ്റാരോപണം.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഡൽഹി പോലീസ് തയ്യാറാക്കിയിട്ടുള്ളത് ചാർജ് ഷീറ്റല്ല (കുറ്റപത്രം) ചീറ്റ് ഷീറ്റാ(വഞ്ചനാപത്രം)ണെന്ന് വൃന്ദ പ്രതികരിച്ചു. വർഗീയ ഫാസിസത്തിന്റെ അജൻഡയുടെ ഭാഗമായി ആർ.എസ്.എസും ആഭ്യന്തരമന്ത്രാലയവും ഡൽഹി പോലീസിനെ ഉപകരണമാക്കുകയാണെന്ന് ആനി രാജ മാതൃഭൂമിയോടു പറഞ്ഞു.

Content Highlights: Delhi riots charge sheet