ന്യൂഡല്‍ഹി: ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യാനെത്തിയ ലോറിയുടെ പിന്നാലെ ഓടുകയാണ് കുറെപ്പേര്‍. അതില്‍ കൊച്ചുകുട്ടികള്‍ മുതല്‍ വയോധികര്‍ വരെയുണ്ട്. വിശപ്പടക്കാന്‍ ഇങ്ങനെ ഓടേണ്ട ദുര്‍ഗതി ഇതിനുമുമ്പ് അവര്‍ക്കുണ്ടായിട്ടില്ല. ഡല്‍ഹിയിലെ കലാപാനന്തര കാഴ്ചകളിലൊന്നാണിത്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ ചൊവ്വാഴ്ചത്തെ കാഴ്ചയായിരുന്നു ഇത്. കലാപത്തില്‍ സര്‍വതും നഷ്ടപ്പെട്ട് മറ്റിടങ്ങളില്‍ അഭയംതേടിയ ആളുകളാണ് ഇവരില്‍ ഭൂരിഭാഗവും. ഉച്ചയ്ക്കുശേഷമാണ് ശിരോമണി അകാലിദളിന്റെ നേതൃത്വത്തില്‍ ആട്ടപ്പൊടിയുമായി ലോറിയെത്തിയത്. മുസ്തഫാബാദിലെ ഇടുങ്ങിയ തെരുവുകളിലൂടെ ആട്ട വിതരണംചെയ്തു നീങ്ങുകയാണ് ലോറി. ഇടയ്ക്കിടെ നിര്‍ത്തി പത്തുകിലോഗ്രാമിന്റെ ആട്ടച്ചാക്കുകള്‍ ലോറിക്കുപിന്നില്‍ തടിച്ചുകൂടുന്ന ആളുകള്‍ക്കുനേരെ എറിഞ്ഞുകൊടുക്കുകയാണ് പ്രവര്‍ത്തകര്‍. ചാക്കുകള്‍ പിടിച്ചെടുക്കാന്‍ കടുത്ത മത്സരം. കിട്ടിയവരില്‍നിന്നു പിടിച്ചെടുക്കാന്‍ കിട്ടാത്തവരുടെ ശ്രമം. ഇതേച്ചൊല്ലി വാക്തര്‍ക്കവും ബഹളവും. എല്ലാം ഒരുചാണ്‍ വയറിനു വേണ്ടി.

ബഹളത്തിനിടയില്‍ തല എവിടെയോ ഇടിച്ചതിന്റെ വേദനയില്‍ റോഡരികില്‍ ഇരിക്കുകയാണ് ഓള്‍ഡ് മുസ്തഫാബാദില്‍ താമസിക്കുന്ന വീട്ടമ്മയായ ഫാത്തിമ. വേദനയ്ക്കിടയിലും ഒരുചാക്ക് ആട്ട സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആശ്വാസം മുഖത്തുണ്ട്. സംഘര്‍ഷത്തിന്റെ ഓര്‍മകളിലേക്കു കൂടുതല്‍പോവാന്‍ അവര്‍ തയ്യാറായില്ല.

ആട്ടയ്ക്കു പുറമേ മറ്റൊരു സംഘത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ സഞ്ചി സമാനരീതിയില്‍ വിതരണം ചെയ്യുന്നുണ്ട്. പഞ്ചസാര, ഉപ്പ്, പരിപ്പ് തുടങ്ങിയവയാണ് അതിലുള്ളത്. ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ വാഹനം നീങ്ങിത്തുടങ്ങിയിട്ടും പിന്നാലെ ഓടുകയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം.

മുസ്തഫാബാദിലെ ഈദ്ഗാഹ് റോഡില്‍ ബേക്കറിത്തൊഴിലാളിയായ ഫാറൂഖ് തന്റെ സുഹൃത്തിനുവേണ്ടിയാണ് സൗജന്യ റേഷന്‍ വാങ്ങാനെത്തിയത്. ഏറെനേരത്തെ ’മല്‍പ്പിടിത്ത’ത്തിനൊടുവിലാണ് ഫാറൂഖിന് ഒരു സഞ്ചി കിട്ടിയത്. കലാപത്തില്‍ സുഹൃത്തിനു പരിക്കേല്‍ക്കുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്തെന്ന് ഫാറൂഖ് പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ക്കു പുറമേ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സൗജന്യമായി വസ്ത്രങ്ങളും വിതരണം ചെയ്യുന്നുണ്ട്.