ന്യൂഡൽഹി: പെഗാസസ് ഫോൺചോർത്തൽ വെളിപ്പെടുത്തൽ നടത്തുന്ന ആഗോളമാധ്യമ കൂട്ടായ്മയുടെ ഇന്ത്യൻ പങ്കാളിയായ ദ വയറിന്റെ ഡൽഹിയിലെ ഓഫീസിൽ ഡൽഹി പോലീസ് പരിശോധന നടത്തി. വെബ്മാധ്യമത്തിന്റെ സ്ഥാപകപത്രാധിപരായ സിദ്ധാർഥ് വരദരാജനാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. എന്നാൽ, ഒാഗസ്ററ് 15-നു മുമ്പുള്ള പതിവുപരിശോധനയെന്നാണ് ഡൽഹി പോലീസ് പ്രതികരിച്ചത്.

പത്രപ്രവർത്തകരായ വിനോദ് ദുവ, അർഫഖാനൂം ഷെർവാണി, നടി സ്വരഭാസ്കർ എന്നിവരെക്കുറിച്ച് പോലീസ് ചോദിച്ചതായി സിദ്ധാർഥ് പറഞ്ഞു. ആരാണിവരൊക്കെയെന്നായിരുന്നു ചോദ്യം. എന്തിനാണ് ഈ ചോദ്യങ്ങളെന്ന് ആരാഞ്ഞപ്പാൾ പതിവുപരിശോധനയെന്നായിരുന്നു പോലീസിന്റെ മറുപടിയെന്നും സിദ്ധാർഥ് ട്വിറ്ററിൽ പ്രതികരിച്ചു. പോലീസ് ദ വയറിന്റെ ഒാഫീസിൽ എത്തിയ ദൃശ്യവും സിദ്ധാർഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

എന്നാൽ, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി നടത്തുന്ന പതിവുപരിശോധനയാണ് ദ വയറിന്റെ ഒാഫീസിൽ നടത്തിയതെന്ന് പിന്നീട് ഡി.സി.പി.യുടെ ഒാഫീസ് ട്വീറ്റ് ചെയ്തു. ദ വയറിന്റെ ഒാഫീസ് പ്രവർത്തിക്കുന്നതായി ബോർഡുകളൊന്നും കെട്ടിടത്തിനുമുന്നിൽ പതിച്ചിരുന്നില്ല. അതുകൊണ്ടാണ് പരിശോധന നടത്തിയതെന്ന് ഡി.സി.പി.യുടെ ഒാഫീസ് ട്വിറ്ററിൽ പ്രതികരിച്ചു. ഓഫീസ്‌മുറി വാടകയ്ക്ക് എന്നെഴുതിയ ബോർഡാണ് കെട്ടിടത്തിനുമുന്നിൽ തൂക്കിയിരിക്കുന്നത്. അതിന്റെ ദൃശ്യവും പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.