ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർറാലി നടത്താൻ കർഷകപ്രക്ഷോഭകർക്ക് പോലീസിന്റെ അനുമതി. നേരത്തേ നിശ്ചയിച്ചിരുന്ന ഔട്ടർ റിങ് റോഡിനു പകരം, സമരം നടക്കുന്ന ഡൽഹിയിലെ അഞ്ച് അതിർത്തികൾ കേന്ദ്രീകരിച്ചുള്ള റൂട്ടുകളിലൂടെ റാലി നടത്തണമെന്ന പോലീസിന്റെ ഉപാധി സംയുക്ത കിസാൻ മോർച്ച അംഗീകരിച്ചു. ട്രാക്ടർ റാലി ഡൽഹിയിലെ റോഡുകളിൽ പ്രവേശിക്കാൻ അനുവദിക്കും. അഞ്ച് റൂട്ടുകളിലായി 60 കിലോമീറ്റർ ദൂരത്തിൽ കിസാൻ പരേഡ് നടക്കുമെന്ന് കിസാൻ മോർച്ച നേതാക്കൾ പറഞ്ഞു. കർഷകരുമായി നടന്ന അന്തിമഘട്ട ചർച്ചയിൽ ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
കർഷകപ്രക്ഷോഭം ശനിയാഴ്ച 60 ദിവസം പൂർത്തിയായി. ഇതുവരെയും സമരം അവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഫലിച്ചിട്ടില്ല. വെള്ളിയാഴ്ചത്തെ 11-ാം വട്ട ചർച്ചയും അലസിയിരുന്നു. ശനിയാഴ്ച സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികദിനം കർഷകർ ആസാദ് ഹിന്ദ് കിസാൻ ദിനമായി ആചരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായി റാലികളും പ്രകടനങ്ങളും നടന്നു.
ഒഡിഷ, പശ്ചിമബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നായി 1000 കർഷകർകൂടി ഗാസിപ്പുർ അതിർത്തിയിലെ സമരകേന്ദ്രത്തിലെത്തി. ഗുജറാത്തിൽനിന്ന് 200 വനിതകളുൾപ്പെടെ അഞ്ഞൂറിലേറെ കർഷകർ ഞായറാഴ്ച ഡൽഹി-ജയ്‌പുർ ദേശീയപാതയിലെ ഷാജഹാൻപുരിൽ എത്തിച്ചേരും. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള കർഷകരും ഇവിടേക്കു തിരിച്ചു.
ട്രാക്ടർ റാലി ശക്തിപ്രകടനമായി മാറ്റിയെടുക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ഇതിനായി പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകർ നൂറുകണക്കിനു ട്രാക്ടറുകളിൽ ഡൽഹിക്കു സമീപം എത്തിക്കഴിഞ്ഞു. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ സോണീപതിൽനിന്നു പുറപ്പെട്ട ഷഹീദ് സമ്മാൻ യാത്ര റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെത്തും. ഛത്തീസ്ഗഢിൽനിന്നുള്ള കർഷകരും ഉടൻ ഡൽഹിക്കു പുറപ്പെടും.
ആസാദ് ഹിന്ദ് കിസാൻ ദിനത്തിൽ മധ്യപ്രദേശിലെ ഭോപാൽ, ഭിന്ദ്, റേവ, ഗ്വാളിയർ, ബിഹാറിലെ ദർബംഗ, ഭോജ്പുർ, പട്‌ന ഗാന്ധി മൈതാൻ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കർഷകപ്രതിഷേധങ്ങൾ നടന്നു. നാസിക്കിൽനിന്ന് മുംബൈയിലേക്ക് 20,000 കർഷകരുടെ വാഹനമാർച്ചുണ്ടായി. തമിഴ്‌നാട്ടിൽ കർഷകർ രാജ്ഭവൻ ഉപരോധിച്ചു. ഏതാനുംപേർ അറസ്റ്റിലായി.