ന്യൂഡല്‍ഹി: പോലീസിന്റെ വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ 'യുവ ഹുങ്കാര്‍ റാലി'യുമായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും മോദിസര്‍ക്കാര്‍ ഭീഷണിയാണെന്ന് മേവാനി ആരോപിച്ചു.

പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലി നടത്താന്‍ അനുവദിക്കാതിരുന്നത് ഗുജറാത്ത് മോഡല്‍ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്ന് ഗുജറാത്തില്‍നിന്നുള്ള എം.എല്‍.എ.കൂടിയായ മേവാനി കുറ്റപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് സംസാരിക്കാന്‍ അവകാശമില്ലെങ്കില്‍ അതാണ് ഗുജറാത്ത് മോഡല്‍. വെറുപ്പിന്റെ രാഷ്ട്രീയമല്ല, മറിച്ച് സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് തന്റേത്. ഭരണഘടനാമൂല്യങ്ങളില്‍ അടിയുറച്ചുള്ള പ്രവര്‍ത്തനമാണ് ആഗ്രഹിക്കുന്നത്. തന്റേത് ഐക്യത്തിന്റെ രാഷ്ട്രീയമാണ്. ലവ് ജിഹാദിലല്ല, സ്‌നേഹത്തിന്റെ രാഷ്ടീയത്തിലാണ് വിശ്വസിക്കുന്നത്. അല്‍പേഷ് ഠാക്കോറും ഹാര്‍ദിക് പട്ടേലും ഞാനും ചേര്‍ന്ന് ഗുജറാത്തില്‍ ബി.ജെ.പി.യുടെ അഹങ്കാരവും ധാര്‍ഷ്ട്യവും തച്ചുടച്ചു. ഇന്ന് നമ്മുടെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയുടെ നിഴലിലാണ് -മേവാനി പറഞ്ഞു.

ഭരണഘടനയ്ക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും പ്രത്യേക മതവിഭാഗത്തിനോ സമുദായത്തിനോ വേണ്ടിയല്ലെന്നും ജെ.എന്‍.യു. വിദ്യാര്‍ഥിനേതാവ് കനയ്യകുമാര്‍ പറഞ്ഞു. അസമില്‍ നിന്നുള്ള കര്‍ഷകനേതാവ് അഖില്‍ ഗോഗോയ്, ജെ.എന്‍.യു. നേതാക്കളായ ഷെഹല റഷീദ്, ഉമര്‍ ഖാലിദ്, സ്വരാജ് ഇന്ത്യ നേതാവ് പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലി നടത്തുന്നതിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. രാജ്യതലസ്ഥാനത്ത് റാലികള്‍ നടത്തുന്നത് ഹരിത ട്രിബ്യൂണല്‍ നിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് അനുമതിനിഷേധിച്ചത്. വന്‍സുരക്ഷാക്രമീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണീര്‍വാതകവും ജലപീരങ്കികളുമായി രണ്ടായിരത്തോളം സുരക്ഷാഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.