ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പിന് ആസ്തി വിൽക്കാനുള്ള തങ്ങളുടെ പദ്ധതി തടയാൻ ആമസോൺ പരാതി നൽകുന്നതിനെ എതിർത്ത് ഫ്യൂച്ചർ റീട്ടെയിൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ആസ്തി വിൽക്കുന്നതിനെതിരേ സെബിക്കും കോമ്പറ്റീഷൻ കമ്മിഷനും പരാതി നൽകാനുള്ള ആമസോണിന്റെ നടപടി തടയണമെന്നായിരുന്നു കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ റീട്ടെയിലിന്റെ ആവശ്യം.
ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസ്സുകൾ 24,000 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിലിന് വിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരേ ആമസോണിന് അനുകൂലമായി സിങ്കപ്പുരിലെ ആർബിട്രേഷൻ കോടതിയിൽനിന്ന് ഉത്തരവുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫ്യൂച്ചർ റീട്ടെയിലും റിലയൻസ് ഗ്രൂപ്പുമായുള്ള ഇടപാട് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ആമസോൺ ഇന്ത്യയിലെ അധികൃതരെ സമീപിച്ചത്.
റിലയൻസ് ഇൻഡസ്ട്രീസുമായുള്ള ഇടപാടിന് അംഗീകാരം നൽകിക്കൊണ്ട് ഫ്യൂച്ചർ റീട്ടെയിലിന്റെ ബോർഡ് പാസാക്കിയ പ്രമേയം അസാധുവല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഇടപാടിന്റെ കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ നിയമപ്രകാരം തീരുമാനിക്കുമെന്നും ജസ്റ്റിസ് മുക്ത ഗുപ്ത വ്യക്തമാക്കി.
content highlights: delhi high court rejects plea against amazon