ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തി; 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ (67 ശതമാനം) നാലുശതമാനത്തോളം കുറവ്. അതേസമയം, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ രണ്ടുശതമാനം കൂടുതലാണിത്.
ബല്ലിമാരൻ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടിയ പോളിങ് രേഖപ്പെടുത്തിയതെന്ന് ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിങ് പറഞ്ഞു; 71.6 ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഡൽഹി കന്റോൺമെന്റിലും- 45.4 ശതമാനം.
പോളിങ് ശതമാനം പുറത്തുവിടാൻ വൈകിയതിന്റെ കാരണങ്ങളും രൺബീർ സിങ് വിശദികരിച്ചു. രാത്രിമുഴുവനും തിരഞ്ഞെടുപ്പുജോലികളിൽ വ്യാപൃതരായിരുന്ന റിട്ടേണിങ് ഓഫീസർമാർ കണക്കുനൽകാൻ വൈകിയെന്ന് അദ്ദേഹം പറഞ്ഞു. അന്തിമ പോളിങ് ശതമാനം പുറത്തുവിടാൻ വൈകിയതിനെതിരേ എ.എ.പി. നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് അവർ പ്രതികരിച്ചത്. എന്നാൽ, ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ രൺബീർ സിങ് പത്രസമ്മേളനം നടത്തി കണക്കുകൾ പുറത്തുവിട്ടു. ബഹുതല സുരക്ഷാസംവിധാനങ്ങളും നടപടികൾ വൈകിപ്പിച്ചതായി സിങ് പറഞ്ഞു.
Content Highlights: Delhi election Polling