ന്യൂഡല്‍ഹി: കോൺഗ്രസിന്റെ നേതൃത്വദാരിദ്ര്യം തുറന്നുകാട്ടിയ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരിൽ പാർട്ടിയിൽ പരസ്പരം പഴിചാരൽ. ഒറ്റ സീറ്റുപോലും നേടാനാകാഞ്ഞതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് പി.സി.സി. അധ്യക്ഷന്‍ സുഭാഷ് ചോപ്രയ്ക്കു പിന്നാലെ ഡല്‍ഹിയുടെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോയും രാജിവെച്ചു.
ബി.ജെ.പി.ക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും എ.എ.പി.ക്കുവേണ്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പരിവാരങ്ങളും എ.എ.പി. പക്ഷത്തും നേർക്കുനേർനിന്നു പൊരുതിയപ്പോള്‍ പലസ്ഥലങ്ങളിലും കാഴ്ചക്കാരന്റെ റോളിലായിരുന്നു കോണ്‍ഗ്രസ്.
രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആകെ നാലു റാലികളിലാണു പങ്കെടുത്തത്. രാഹുല്‍ വളരെക്കുറച്ച് റാലികളിലല്ലേ പങ്കെടുത്തുള്ളൂ എന്ന ചോദ്യത്തെ പ്രധാനമന്ത്രി രണ്ടു റാലികളിലല്ലേ ഉണ്ടായുള്ളൂ എന്ന ചോദ്യത്താലാണ് കോണ്‍ഗ്രസ് നേരിടുന്നത്. 40-ഓളം റാലികളില്‍ അമിത് ഷാ പങ്കെടുത്തപ്പോഴായിരുന്നു രാഹുലിന്റെ നാലു റാലികള്‍. ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനല്ലല്ലോ എന്ന ന്യായമാണ് നേതാക്കള്‍ ഇതിനു കണ്ടെത്തുന്നത്. അധ്യക്ഷ സോണിയാ ഗാന്ധിയാകട്ടെ അനാരോഗ്യം കാരണം പ്രചാരണരംഗത്തു വന്നതേയില്ല.
തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിഞ്ഞുമാറി പരസ്പരം പഴിചാരുകയാണ് നേതാക്കൾ. കോണ്‍ഗ്രസിന്റെ തകര്‍ച്ച പെട്ടെന്നുണ്ടായതല്ലെന്നും 2013 മുതല്‍ പാര്‍ട്ടിയെ ബാധിച്ച ക്ഷീണമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചതെന്നുമുള്ള പി.സി. ചാക്കോയുടെ പരാമർശം മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ഉദ്ദേശിച്ചാണെന്നു പ്രചരിച്ചു. ചാക്കോയ്ക്കെതിരേ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മിലിന്ദ് ദേവ്‌രയും ചാക്കോയുടെ അഭിപ്രായങ്ങളെ നിരാകരിച്ചു. ഷീലാ ദീക്ഷിതിന്റെ കാലത്താണ് ഡല്‍ഹിയില്‍ മാറ്റങ്ങളുണ്ടായതെന്നും കോണ്‍ഗ്രസ് വളര്‍ന്നതെന്നും പറഞ്ഞു.
ഷീലയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും 2013 മുതല്‍ കോണ്‍ഗ്രസിന്റെ പതനം തുടങ്ങി എന്ന പ്രയോഗം അവർക്കെതിരേ എന്ന നിലയില്‍ ചില തത്‌പരകക്ഷികള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും ചാക്കോ പ്രതികരിച്ചു. പാര്‍ട്ടിയുടെ പതനം നേതൃത്വം കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി.സി.സി. അധ്യക്ഷന്റേതുൾപ്പെടെ ആറു നേതാക്കളുടെ മക്കളാണ് കോൺഗ്രസിൽനിന്ന് ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മക്കളെ മത്സരിപ്പിക്കാൻ നേതാക്കൾ അടിപിടി കൂടുന്നതിനെ രാഹുൽ ഗാന്ധി വിമർശിച്ചതിനുശേഷമായിരുന്നു ഈ നടപടി.
‘ഭോഷ്കിന്റെ, വിനാശത്തിന്റെയും പരാജയം’ എന്ന രീതിയില്‍ എ.എ.പി. വിജയത്തെ പ്രശംസിച്ച മുതിര്‍ന്ന നേതാവ് പി. ചിദംബരത്തിനെതിരേ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി. കോണ്‍ഗ്രസ് ബി.ജെ.പി.യെ തോല്‍പ്പിക്കുന്ന പ്രവൃത്തി പുറംകരാര്‍ നല്‍കിയിട്ടുണ്ടോ ശര്‍മിഷ്ഠ ചിദംബരത്തോട് ചോദിച്ചു.
വരാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നന്നായി ഗൃഹപാഠം ചെയ്യണമെന്ന സന്ദേശമാണ് ഡല്‍ഹി നല്‍കുന്നതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷ നന്നായി പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞിട്ട് കാര്യമില്ല. നേതൃരംഗത്തേക്ക് രാഹുലോ പ്രിയങ്കയോ വേഗത്തില്‍ വന്നില്ലെങ്കില്‍ ബി.ജെ.പി.ക്കെതിരേ ഇപ്പോഴുണ്ടായിട്ടുള്ള ജനവികാരത്തെ വോട്ടാക്കി മാറ്റാനാവില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.
Content Highlights: Delhi election loss, congress facing a leadership crisis