ന്യൂഡല്‍ഹി: കരടുരാഷ്ട്രീയപ്രമേയത്തെച്ചൊല്ലി കേന്ദ്രകമ്മിറ്റിയിലുണ്ടായ ഭിന്നാഭിപ്രായവും വോട്ടെടുപ്പും വിഭാഗീയതയല്ലെന്ന് സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. രണ്ടു രേഖകള്‍ അവതരിപ്പിച്ചത് താനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തമ്മിലുള്ള പോരായി ചിത്രീകരിക്കുന്നത് ശരിയല്ല -സി.പി.എം. മുഖവാരികയായ പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.

സി.സി.യില്‍ പി.ബി.യുടെ കരടുപ്രമേയവും ന്യൂനപക്ഷാഭിപ്രായമുള്ള പ്രമേയവും ഉണ്ടെന്നറിഞ്ഞതോടെ ഒട്ടേറെ വാര്‍ത്തകളുണ്ടായി. പാര്‍ട്ടിയെ പൊതുമധ്യത്തില്‍ മോശമാക്കാനായിരുന്നു ഈ വാര്‍ത്തകള്‍. വിഭാഗീയതയുടെ ഭാഗമായാണ് രണ്ടു രേഖകള്‍ അവതരിപ്പിച്ചതെന്ന് കേരളത്തിലെയും ബംഗാളിലെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. താനും യെച്ചൂരിയും തമ്മിലുള്ള അടിയായും അതു ചിത്രീകരിക്കപ്പെട്ടു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ ഭാഗമായുള്ള ചര്‍ച്ച വ്യക്തിപരമായ ഭിന്നതയും തമ്മിലടിയുമാക്കി. 2019-ല്‍ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പു തന്ത്രത്തെക്കുറിച്ചുള്ളതാണ് മുഖ്യമായും കരടുരാഷ്ട്രീയപ്രമേയമെന്ന തെറ്റിദ്ധാരണയും ഉണ്ടാക്കി.

രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തിപരമായും കൂട്ടായുമൊക്കെ കമ്മിറ്റിയില്‍ അഭിപ്രായം പറയാം. ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടു കമ്മിറ്റിയുടെ പൊതു തീരുമാനമാവും. ഭൂരിപക്ഷവും ന്യൂനപക്ഷവുമായ അഭിപ്രായങ്ങള്‍ വിഭാഗീയതയല്ല. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനം ലംഘിക്കുന്നതാണ് വിഭാഗീയത.

പാര്‍ട്ടി കോണ്‍ഗ്രസിനു രണ്ടുമാസം മുന്‍പ് കരടു രാഷ്ട്രീയപ്രമേയം അച്ചടിച്ചു അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും. എല്ലാവര്‍ക്കും കേന്ദ്രകമ്മിറ്റിക്കു നേരിട്ടോ അതതു പാര്‍ട്ടി ഘടകങ്ങള്‍ക്കോ ഭേദഗതികള്‍ നല്‍കാം. ഈ ഭേദഗതികളുടെ റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വയ്ക്കും. ബി.ജെ.പി.യെ നേരിടാന്‍ മതേതര-ജനാധിപത്യ കാഴ്ചപ്പാടുള്ളവരെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയസമീപനം വേണമെന്നാണ് പൊതുവിലുള്ള താത്പര്യം. അതനുസരിച്ചുള്ള രാഷ്ട്രീയ അടവുനയം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അനുയോജ്യമായ തിരഞ്ഞെടുപ്പുതന്ത്രം കൈക്കൊള്ളും. രാഷ്ട്രീയനയം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു കഴിഞ്ഞാല്‍ ഐക്യത്തോടെ അതു നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് -പ്രകാശ് കാരാട്ട് ലേഖനത്തില്‍ പറയുന്നു.