ന്യൂഡൽഹി: ഡൽഹിയിൽ ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ തിങ്കളാഴ്ച ലോക്‌സഭ പാസാക്കി. ഡൽഹി ഭരണത്തിൽ ലെഫ്. ഗവർണറുടെ പങ്കും അധികാരവും നിർവചിക്കുന്ന ബില്ലാണ് പാസാക്കിയത്.

കോൺഗ്രസ്, ആം ആദ്മി പാർട്ടി അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. ഡൽഹിസർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ ആശയക്കുഴപ്പമുള്ളതുകൊണ്ട് ഇത്തരമൊരു ബിൽ അനിവാര്യമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇത് രാഷ്ട്രീയബില്ലാണെന്ന് ദയവുചെയ്ത് പറയരുതെന്നും ഡൽഹിയിലെ ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കാനാണ് ബില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും കുറ്റപ്പെടുത്തിയിരുന്നു.

ഡൽഹി ദേശീയ തലസ്ഥാന മേഖലാ സർക്കാർ (ഭേദഗതി) ബില്ലാണ് ലോക്‌സഭ പാസാക്കിയത്. നിയമത്തിലെ 21, 24, 33, 44 വകുപ്പുകളിൽ ഭേദഗതി വരുത്തിയും കൂട്ടിച്ചേർക്കൽ നടത്തിയുമാണ് ബിൽ തയ്യാറാക്കിയത്.

ഡൽഹി നിയമസഭ പാസാക്കുന്ന നിയമങ്ങൾക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പിൽ പറയുന്നത്. അതിൽ ‘സർക്കാർ’ എന്ന് പറയുന്നിടത്തെല്ലാം ‘ലെഫ്. ഗവർണർ’ എന്ന് അർഥമാക്കണമെന്ന് ബില്ലിൽ പറയുന്നു.

നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നൽകുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയോ ചെയ്യാൻ ലെഫ്. ഗവർണർക്ക് സാധിക്കുമെന്നാണ് 24-ാം വകുപ്പിൽ പറയുന്നത്. എന്നാൽ, നിയമസഭയുടെ അധികാരത്തിനുപുറത്തുള്ള ഏതുവിഷയവും ബില്ലിലൂടെ ഇതിന്റെ ഭാഗമാക്കി. ചില ചട്ടങ്ങളുണ്ടാക്കുന്നതിൽനിന്ന് ഡൽഹി നിയമസഭയെ വിലക്കുന്നതിനാണ് 33-ാം വകുപ്പിൽ ഭേദഗതി വരുത്തിയത്.

ഭരണനടത്തിപ്പും ചട്ടങ്ങളുണ്ടാക്കാനുള്ള അധികാരവും സംബന്ധിച്ചാണ് 44-ാം വകുപ്പിൽ പറയുന്നത്. ഭരണപരമായ വിവിധ നടപടികൾ സ്വീകരിക്കുംമുമ്പ്‌ ലെഫ്. ഗവർണറുടെ അഭിപ്രായം തേടണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നു.

Content Highlights: Delhi Bill Lok Sabha