ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന് ഇടയാക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി വിജയ് കുമാർ ദേവ് നിർദേശം നൽകി. പ്രധാന ഗതാഗത ഇടനാഴികളിലെ കൈയേറ്റങ്ങൾ കണ്ടെത്തുക, കെട്ടിടാവശിഷ്ടങ്ങൾ നീക്കുക, മലിനീകരണമുണ്ടാക്കുന്ന വ്യവസായശാലകൾ പൂട്ടുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. ബുധനാഴ്ചയ്ക്കകം നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്.

രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന്റെ കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. ഡി.ഡി.എ., പൊതുമരാമത്തു വകുപ്പ്, ഡൽഹി സംസ്ഥാന വ്യവസായവികസന കോർപ്പറേഷൻ, ദേശീയപാതാ അതോറിറ്റി, ഡൽഹി ജല ബോർഡ്, ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ, വെള്ളപ്പൊക്കനിയന്ത്രണവകുപ്പ്, മുൻസിപ്പൽ കോർപ്പറേഷനുകൾ, ഡൽഹി പോലീസ് എന്നിവരോടാണ് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രശ്നം പഠിക്കാൻ കോടതി നിയോഗിച്ച സമിതിയുമായി ചീഫ് സെക്രട്ടറി ചർച്ച നടത്തിയിരുന്നു. നടപടിയെടുക്കാൻ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേകസംഘങ്ങളെ ചുമതലപ്പെടുത്തി. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിയുണ്ടാവുമെന്നും വ്യക്തമാക്കി. പ്രധാന ഗതാഗത ഇടനാഴികളിലെ അനധികൃത പാർക്കിങ്, തെരുവോര കച്ചവടം, കൈയേറ്റം തുടങ്ങിയവ ഒഴിപ്പിക്കണമെന്ന് പോലീസിനോട് ചീഫ് സെക്രട്ടറി നിർദേശിച്ചു. കെട്ടിടാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, മാലിന്യം തുടങ്ങിയവ പൊതുയിടങ്ങളിൽ തള്ളുന്നത് തടയാനുള്ള ചുമതലയും പോലീസിന് നൽകി. പോലീസ് സംഘത്തെ സഹായിക്കാൻ 700 വൊളന്റിയർമാരെ നിയോഗിക്കാൻ ഡിവിഷണൽ കമ്മിഷണർമാരോട് നിർദേശിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായശാലകൾ അടച്ചുപൂട്ടാനുള്ള ചുമതല ഡൽഹി മലിനീകരണനിയന്ത്രണസമിതിക്കാണ്. നിയമാനുസൃതമല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായശാലകൾ അടച്ചുപൂട്ടാനുള്ള ചുമതല വ്യവസായവകുപ്പിനും മുൻസിപ്പൽ കോർപ്പറേഷനുകൾക്കുമാണ്. ഇത്തരം വ്യവസായസ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി, വെള്ളം എന്നിവ നിർത്തിവെക്കാൻ വൈദ്യുതവിതരണക്കമ്പനികൾ, ജലബോർഡ് എന്നിവയോടും ആവശ്യപ്പെട്ടു. റോഡരികിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ, റോഡിലെ കുഴികൾ അടയ്ക്കൽ, റോഡുകൾ യന്ത്രമുപയോഗിച്ച് അടിച്ചുവാരൽ, വെള്ളംതളിക്കൽ, രാത്രികാല റോന്തുചുറ്റൽ തുടങ്ങിയവ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കോർപ്പറേഷനുകൾ, പൊതുമരാമത്തു വകുപ്പ് എന്നിവയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഷാജഹാൻബാദ് മേഖലയിലെ പൊടിശല്യം തടയാൻ പ്രത്യേകനടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു.

content highlights: delhi air pollution, chief secretary directs to take action