ന്യൂഡൽഹി: പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷമായ പെട്രോൾ വാഹനങ്ങളും ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിൽ ഓടരുതെന്ന് സുപ്രീംകോടതി. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കാൻ ഗതാഗത വകുപ്പിന് സുപ്രീംകോടതി നിർദേശം നൽകി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, എസ്. അബ്ദുൾ നസീർ, ദീപക് ഗുപ്ത എന്നിവരുടെ വിധി.

ഡൽഹിയിലെ വായു മലിനീകരണ വിഷയത്തിൽ സുപ്രീംകോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറി അപരാജിത സിങ്ങിന്റെ കുറിപ്പ് കണക്കിലെടുത്താണ് ബെഞ്ചിന്റെ നടപടി.

ഇത്തരം വാഹനങ്ങൾ നിരോധിക്കുന്നത് സംബന്ധിച്ച് പത്രങ്ങളിൽ പരസ്യം നൽകണം. അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ജനങ്ങൾക്ക്‌ പരാതി അറിയിക്കാൻ സാമൂഹികമാധ്യമങ്ങളിൽ പ്രത്യേക അക്കൗണ്ട് തുടങ്ങാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോടും സുപ്രീംകോടതി നിർദേശിച്ചു.

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതിനാൽ ജനങ്ങൾ പ്രഭാതസവാരിക്ക് പോകുന്നത് കുറഞ്ഞുവെന്ന മാധ്യമ റിപ്പോർട്ടുകളും കോടതി പരിഗണിച്ചു. ഡൽഹി ലോധി ഗാർഡനിൽ പ്രഭാത സവാരിക്കു പോകുന്നവരെക്കാൾ പ്രയാസപ്പെടുന്നവരാണ് ജീവിതമാർഗങ്ങൾക്കായി ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാവിലെ പുറത്തു ജോലി ചെയ്യരുതെന്ന് അവരോടു പറയാനാകില്ല. ഭീകരമായ അവസ്ഥയാണ് ഡൽഹിയിലേതെന്നും കോടതി പറഞ്ഞു. ഡൽഹിയിൽ ബവാന, നരേല, ദ്വാരക, നാംഗ്ലോയി, മുണ്ട്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം കത്തിക്കുന്നുണ്ടെന്ന് ചിത്രം സഹിതം അമിക്കസ് ക്യൂറി അറിയിച്ചു.

ഇതുസംബന്ധിച്ച് രണ്ടുദിവസത്തിനകം സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനോടും ഡൽഹി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനോടും ബെഞ്ച് ആവശ്യപ്പെട്ടു. കേസ് നവംബർ ഒന്നിനു വീണ്ടും പരിഗണിക്കും.