ന്യൂഡല്‍ഹി: സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായി തലസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്ന 15,000 ഗസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ ഡല്‍ഹി മന്ത്രിസഭ അനുമതി നല്‍കി. ഇതിനായി ഒക്ടോബര്‍ നാലിന് നിയമസഭയില്‍ ബില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളില്‍ ഗസ്റ്റ് അധ്യാപകര്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ വേനല്‍ക്കാല ക്യാമ്പുകള്‍, വായനവാരാചരണം തുടങ്ങിയവ വിജയിപ്പിക്കുന്നതില്‍ ഇവരുടെ പങ്ക് വലുതാണ്. മതിയായ യോഗ്യതയുള്ളവരും അധ്യാപനത്തില്‍ മികവ് പുലര്‍ത്തുന്നവരുമാണ് ഇവര്‍. സ്‌കൂളുകള്‍ക്ക് ഇവര്‍ മുതല്‍ക്കൂട്ടാണ്. വളരെ ശ്രദ്ധയോടെയും ആത്മാര്‍ഥതയോടെയും ജോലി നിര്‍വഹിക്കുന്നവരാണ് ഈ അധ്യാപകരെന്നും സിസോദിയ പറഞ്ഞു.

ഇപ്പോള്‍ ഗസ്റ്റ് അധ്യാപകരായി പ്രവര്‍ത്തിക്കുന്നവര്‍ക്കുപകരം പുതിയ അധ്യാപകരെ നിയമിക്കുന്നത് സ്‌കൂളുകളുടെ അധ്യാപനനിലവാരത്തെ കാര്യമായി ബാധിക്കുമെന്ന് സിസോദിയ പറഞ്ഞു. ഗസ്റ്റ് അധ്യാപകരായി ജോലിചെയ്യുന്നവര്‍ക്കെല്ലാം തുടര്‍പരിശീലനം ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരമുയര്‍ത്തുന്നതിനുള്ള നൈപുണ്യവികസന പരിശീലനവും ഇവര്‍ക്കുകിട്ടി. ഇത്തരത്തില്‍ പരിശീലനം ലഭിച്ചവരെ മാറ്റി പുതിയ നിയമനം നടത്തിയാല്‍ എല്ലാം ഒന്നുമുതല്‍ ആരംഭിക്കേണ്ടിവരും. കഴിഞ്ഞ രണ്ടുവര്‍ഷമായി പന്ത്രണ്ടാം ക്ലാസില്‍ സ്വകാര്യസ്‌കൂളുകളെ മറികടക്കുന്ന വിജയമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ നേടുന്നതെന്നും സിസോദിയ പറഞ്ഞു.