ബെംഗളൂരു: മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും കുടുംബത്തെയും ആക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. പെട്രോൾ പമ്പ് ജീവനക്കാരനായ സിദ്ധരാജു (26), ടാക്സി ഡ്രൈവറായ ചാമരാജു (28) എന്നിവരാണ് പിടിയിലായത്. രണ്ടുപേരും ചന്നപട്ടണ സ്വദേശികളാണ്. ജെ.ഡി.എസ്. പ്രവർത്തകൻ ഹൈഗ്രൗണ്ട് പോലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23-നാണ് ഇരുവരും ചേർന്ന് വീഡിയോ ചിത്രീകരിച്ചത്. മുഖ്യമന്ത്രി, എച്ച്.ഡി. ദേവഗൗഡ, നിഖിൽ കുമാരസ്വാമി എന്നിവരെക്കുറിച്ച് മോശമായി പരാമർശിക്കുന്ന വീഡിയോ അതിവേഗമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സമുദായത്തെ സ്വകാര്യ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും ദൃശ്യങ്ങളിൽ ഇവർ ആരോപിച്ചിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെയാണ് പോലീസ് രണ്ടുപേരെയും കണ്ടെത്തിയത്. മദ്യലഹരിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.

സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം, മത-സാമുദായിക പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

Content Highlights: defamation, H D kumaraswamy