ന്യൂഡൽഹി: തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം നൽകിയ ഹർജിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. നിരുപം ഫയൽചെയ്ത രണ്ട് അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് സ്മൃതി ഇറാനിയുടെ മറുപടി തേടിയത്.

സ്മൃതി ഇറാനിയും സഞ്ജയ് നിരുപവും പരസ്പരം അപകീർത്തിക്കേസ് ഫയൽ ചെയ്തിരുന്നു. നിരുപം നൽകിയ ഒരു പരാതിയിൽ സ്മൃതി ഇറാനിയോട് ഹാജരാകാൻ ആവശ്യപ്പെടുന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. തനിക്കെതിരായ സമൻസ് റദ്ദാക്കണമെന്ന നിരുപമിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിനെതിരേയാണ് നിരുപം സുപ്രീംകോടതിയിലെത്തിയത്.

2012 ഡിസംബർ 20-നാണ് കേസിനാസ്പദമായ സംഭവം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ നടത്തിയ ടെലിവിഷൻ ചർച്ചയിൽ തന്നെ അപകീർത്തിപ്പെടുത്തുംവിധം സ്മൃതി ഇറാനി സംസാരിച്ചുവെന്നാണ് നിരുപം പരാതിപ്പെട്ടത്. സമാനമായ പരാതി സ്മൃതി ഇറാനിയും നിരുപമിനെതിരേ നൽകി.

Content Highlights:Defamation Notice against Smriti Irani