ബെംഗളൂരു: നിറത്തിന്റെപേരില്‍ പരസ്യചിത്രത്തില്‍ അവസരം നിഷേധിക്കപ്പെട്ട ഒമ്പതു വയസ്സുകാരിക്ക് ഗിന്നസ് റെക്കോഡോടെ മധുരപ്രതികാരം. ജിംനാസ്റ്റിക്‌സിലെ 'ഫോര്‍വേഡ് റോള്‍സി' ല്‍ ഒരുമണിക്കൂറില്‍ ഏറ്റവും കൂടുതല്‍ തവണയെന്ന റെക്കോഡാണ് ദീക്ഷ ഗിരീഷ് എന്ന ബെംഗളൂരു സ്വദേശി സ്വന്തമാക്കിയത്.

1330 തവണയെന്ന അമേരിക്കക്കാരി അഷ്രിത ഫര്‍മാന്റെ റെക്കോഡ് ദീക്ഷ 2776 ആക്കി തിരുത്തി. ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞദിവസം ലഭിച്ചു. കഴിഞ്ഞവര്‍ഷം അവസാനമായിരുന്നു പ്രകടനം. ഒരു കമ്പനിയുടെ പരസ്യത്തിനുവേണ്ടി ജിംനാസ്റ്റിക് പ്രകടനം നടത്തിയിട്ടും നിറം കുറവാണെന്ന കാരണത്താല്‍ ദീക്ഷയെ അന്തിമറൗണ്ടില്‍ ഒഴിവാക്കിയിരുന്നു.

വെള്ളിയാഴ്ച ജിംനാസ്റ്റിക് പരിശീലകന്‍ യതീഷ് കുമാര്‍ ദീക്ഷയ്ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഒമ്പതു വയസ്സിനുള്ളില്‍ മൂന്നു ഗിന്നസ് റെക്കോഡുകളെന്ന അപൂര്‍വ നേട്ടമാണ് ഈ കൊച്ചുമിടുക്കിയെ കാത്തിരിക്കുന്നത്. ഇതേ ഇനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു മീറ്റര്‍ മറികടന്ന റെക്കോഡും ബോക്‌സ് -സ്​പിറ്റ് പൊസിഷന്‍ വിഭാഗത്തില്‍ 10.96 സെക്കന്‍ഡ് കൊണ്ട് പത്തുമീറ്റര്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡും ദീക്ഷയ്ക്കാണ്. ജിംനാസ്റ്റിക്‌സില്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയാണ് ദീക്ഷയുടെ ലക്ഷ്യം.

അച്ഛനും ചേച്ചിയും ഗിന്നസ് റെക്കോര്‍ഡിനുടമകളും അമ്മ ഗിന്നസ് റെക്കോഡിന്റെ പടിവാതിലിലാണെന്നുമുള്ള അപൂര്‍വതയും ഈ കുടുംബത്തിന്റെ പേരിലുണ്ട്. ഒരു മിനിറ്റിനുള്ളില്‍ പല്ലുകള്‍ മാത്രം ഉപയോഗിച്ച് 63 ബിയര്‍ കുപ്പികള്‍ പൊട്ടിച്ചതുള്‍പ്പെടെ അഞ്ച് ഗിന്നസ് റെക്കോഡുകളാണ് അച്ഛന്‍ ഗിരീഷിന്റെ പേരിലുള്ളത്.

നീളംകൂടിയ ചരട് മൂക്കില്‍ കൂടി കയറ്റി വായില്‍ കൂടി പുറത്തിറക്കിയതിന്റെ റെക്കോഡ് ചേച്ചി തേജസ്വിനി സ്വന്തമാക്കി. അമ്മ മഞ്ജുള കാല്‍വിരല്‍ ഉപയോഗിച്ച് കൂടുതല്‍ കോഴിമുട്ടകള്‍ പൊട്ടിക്കുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും റെക്കോഡ് സ്വന്തമായില്ല.