ചണ്ഡീഗഢ്: പഞ്ചാബിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 98 ആയി. താൺതരൺ ജില്ലയിൽ മാത്രം 75 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാവങ്ങളാണ്.

ആം ആദ്മി പാർട്ടി പട്യാല, ബർണാല, പത്താൻ‌കോട്ട്, മോഗ തുടങ്ങിയ സ്ഥലങ്ങളിൽ പഞ്ചാബ് സർക്കാരിനെതിരേ പ്രതിഷേധപ്രകടനം നടത്തി. സർക്കാർ അനാസ്ഥയാണ് സംഭവത്തിനുപിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംഭവത്തിൽ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. വ്യാജമദ്യത്തിന്റെ ഉത്‌പാദനവും വിൽപ്പനയും പരിശോധിക്കുന്നതിൽ പോലീസും എക്സൈസ് വകുപ്പും പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ രണ്ടുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു.