ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ രോഗം ബാധിച്ചവരുടേതെന്നു കരുതുന്ന മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കുന്നത് തുടരുന്നു. ശ്മശാനങ്ങളിൽ 30,000 മുതൽ 40,000 വരെ രൂപ ഈടാക്കുന്നതിനാൽ ഉത്തർപ്രദേശിലെ അതിർത്തിഗ്രാമങ്ങളിൽനിന്ന് ഒഴുക്കിവിട്ട മൃതദേഹങ്ങൾ തിങ്കളാഴ്ച ബിഹാറിലെ ബക്‌സറിൽ കണ്ടെത്തിയിരുന്നു. സമാനമായ സംഭവം ചൊവ്വാഴ്ച യു.പി.യിലെ ഗാസിപ്പുരിലുമുണ്ടായി.

ഇതോടെ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നദികളിൽ മൃതദേഹങ്ങൾ കുന്നുകൂടുമ്പോഴും പുതിയ പാർലമെന്റ് മന്ദിരമടങ്ങുന്ന സെൻട്രൽ വിസ്ത പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.

‘നദികളിൽ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നു. ആശുപത്രികളിലെ വരികൾ മൈലുകൾ നീളുന്നു. സുരക്ഷിതമായി ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം കവർന്നെടുത്തു. പ്രധാനമന്ത്രീ, സെൻട്രൽ വിസ്ത പദ്ധതി മാത്രം കാണാൻ കഴിയുന്ന റോസ് നിറത്തിലുള്ള കണ്ണട മാറ്റൂ’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കോവിഡിനെതിരേ പോരാടാൻ ‘സ്പീക്ക് അപ്പ് ടു സേവ് ലൈവ്‌സ്’ പ്രചാരണ പരിപാടിയിൽ അണിചേരാനും രാഹുൽ ആഹ്വാനംചെയ്തു. ദുരിതസമയത്ത് ആവശ്യക്കാർക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയാണിത്. ഓക്‌സിജൻ, വെന്റിലേറ്റർ, ഐ.സി.യു. കിടക്കകൾ, വാക്‌സിനുകൾ എന്നിവയ്ക്കായി ജനങ്ങൾ കഷ്ടപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചാരുന്നു രാഹുലിന്റെ അഭ്യർഥന. എ.ഐ.സി.സി. ആസ്ഥാനത്തും പി.സി.സി. ഓഫീസുകളിലും ജനങ്ങളെ സഹായിക്കാൻ കോൺഗ്രസ് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

content highlights: dead bodies in ganga river: rahul gandhi criticises union government