ന്യൂഡൽഹി: രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും ഇടുക്കിയിലെയും പ്രതിഷേധങ്ങൾ ഫലം കണ്ടു. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ വ്യാഴാഴ്ച രാത്രി നൽകിയ ഡി.സി.സി. അധ്യക്ഷപ്പട്ടികയിൽ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ മാറ്റങ്ങളോടെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ശനിയാഴ്ച രാത്രി 9.30-ഓടെ പട്ടിക പുറത്തിറക്കിയത്. പ്രതിഷേധത്തെയും സമ്മർദത്തെയും തുടർന്ന് രണ്ടാം തവണയാണ് അന്തിമ പട്ടികയിൽ മാറ്റം വരുത്തുന്നത്.

ആലപ്പുഴയിൽ രമേശ് ചെന്നിത്തല നിർദേശിച്ച ബാബു പ്രസാദിനെ അവസാനനിമിഷം മാറ്റി കെ.പി. ശ്രീകുമാറിനെ നിശ്ചയിച്ചിരുന്നു. ഇതിൽ ശക്തമായ പ്രതിഷേധം ചെന്നിത്തല സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചു. തന്നെ തഴഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനോടും വ്യക്തമാക്കി. പിന്നാലെയാണ് ശ്രീകുമാറിനെ മാറ്റി ബാബു പ്രസാദിനെ തന്നെ നിശ്ചയിച്ചത്.

ഇടുക്കിയിൽ എസ്. അശോകനെ മാറ്റി സി.പി. മാത്യുവിനെ നിയമിക്കണമെന്ന് വർക്കിങ് പ്രസിഡന്റുമാരിലൊരാൾ തന്നെ ആവശ്യപ്പെട്ടു. ഈഴവ വിഭാഗത്തിൽപ്പെട്ട അശോകനെ മാറ്റി മാത്യുവിനെ തീരുമാനിച്ചാൽ ക്രിസ്ത്യൻ പ്രാതിനിധ്യം ആറായി ഉയരുന്ന സാഹചര്യം വന്നു. ഈഴവ പ്രാതിനിധ്യം നാലിൽനിന്ന് മൂന്നായും ചുരുങ്ങും. ഇതോടെ കോട്ടയത്ത് ഫിൽസൺ മാത്യൂസിനെ മാറ്റി ഈഴവ വിഭാഗത്തിൽപ്പെട്ട നാട്ടകം സുരേഷിനെ നിശ്ചയിച്ചു. ഉമ്മൻചാണ്ടി നിർദേശിച്ച മൂന്നു പേരുകളിൽപ്പെട്ടതാണ് ഇരുവരും. ജോമോൻ ഐക്കരയായിരുന്നു മറ്റൊരാൾ. ഫിൽസണെ മാറ്റിയതോടെ ഓർത്തഡോക്സ് വിഭാഗത്തിനൊപ്പം യാക്കോബായ വിഭാഗത്തിനും പട്ടികയിൽ പ്രാതിനിധ്യം ഇല്ലാതായി. അതേസമയം സി.പി. മാത്യുവിലൂടെ റോമൻ കത്തോലിക്ക വിഭാഗം ഉൾപ്പെട്ടു.

കോട്ടയത്ത് ക്രിസ്ത്യൻ സമുദായത്തെ ഒഴിവാക്കി മറ്റൊരാൾക്ക് അവസരം നൽകുന്നത് ആത്മഹത്യാപരമാണെന്ന് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് എം. വിട്ടുപോയതും സഭാ തർക്കവും ക്രിസ്ത്യൻ സമുദായത്തിൽനിന്ന് വലിയ തോതിൽ വോട്ടു ചോരുന്നതിന് ഇടയാക്കിയിരുന്നു. ഈ വിടവ് നികത്താൻ ക്രിസ്ത്യാനികളുടെ പ്രധാന കേന്ദ്രമായ കോട്ടയത്ത് ക്രിസ്ത്യൻ അധ്യക്ഷൻ വേണ്ടിയിരുന്നുവെന്നാണ് കേരള നേതാക്കളുടെ അഭിപ്രായം. എന്നാൽ, ഇടുക്കിയിലും ക്രിസ്ത്യൻ വന്നതോടെ ഇതിനു പറ്റില്ലെന്ന് ഉറപ്പായിരുന്നു. താൻ നൽകിയ മൂന്നു പേരുകളിൽ ഏതെങ്കിലും ഒരാൾ മതിയെന്ന് ഉമ്മൻ ചാണ്ടിയും നിലപാട് സ്വീകരിച്ചത് കാര്യങ്ങൾ എളുപ്പമായി. സ്ത്രീ-ദളിത് പ്രാതിനിധ്യം ഇല്ലാത്തത് സോണിയ ചൂണ്ടിക്കാണിച്ചെങ്കിലും കെ.പി.സി.സി.യിൽ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതായാണ് സൂചന.

Content Highlights: DCC presidents list approved