കൊൽക്കത്ത: ഇന്ത്യയിൽ ആകെ ഒരു സിൻഡിക്കേറ്റ് മാത്രമേ ഉള്ളുവെന്നും അത് മോദി-അമിത് ഷാ സിൻഡിക്കേറ്റാണെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പരിഹസിച്ചു. സിലിഗുഡിയിൽ പെട്രോളിയം ഉത്‌പന്നങ്ങളുടെ വിലവർധനയ്ക്കെതിരേ നടത്തിയ പദയാത്രയ്ക്കുശേഷം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരിമറിയെക്കുറിച്ച് മോദി പരിഹസിക്കുന്നു. നിങ്ങളല്ലേ ഏറ്റവും വലിയ തിരിമറിക്കാരൻ? എയർ ഇന്ത്യയും കോൾ ഇന്ത്യയും റെയിൽവേയും വിറ്റതൊക്കെയല്ലേ തിരിമറി? ബംഗാളിൽ സ്ത്രീസുരക്ഷ ഇല്ലെന്നു പറയുന്നു. ഇവിടെ രാത്രി പത്തുമണി കഴിഞ്ഞും സ്ത്രീകൾ ഇറങ്ങിനടക്കുന്നുണ്ട്. ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബിഹാറിലുമാണ് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്തത് -മമത പറഞ്ഞു.

നേരത്തേ പാചകവാതക സിലിൻഡറുകളുടെ ചിത്രം കഴുത്തിൽ തൂക്കിയാണ് മമതയും തൃണമൂൽ പ്രവർത്തകരും നഗരത്തിൽ പദയാത്ര നടത്തിയത്.